പാർലമെന്റിലെ അതിക്രമം; പ്രതികൾ മാധ്യമശ്രദ്ധ നേടാനും രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനും ആഗ്രഹിച്ചിരുന്നു
കഴിഞ്ഞ ദിവസം പാർലമെൻ്റിൽ അതിക്രമം കാണിച്ചവർ മാധ്യമശ്രദ്ധ നേടാനും രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനും ആഗ്രഹിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു . തങ്ങൾ ഉയർത്തുന്ന കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാനുള്ള ഒരേയൊരു മാർഗ്ഗമെന്ന നിലയിലാണ് പ്രതികൾ പാർലമെൻ്റിൽ അതിക്രമം കാട്ടിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
അതേസമയം പാർലമെൻ്റിന് വെളിയിൽ സ്വയം തീ കൊളുത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് പ്രധാനപ്രതി സാഗർ ശർമ്മ പൊലീസിന് മൊഴി നൽകി. എന്നാൽ പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നെന്നും സാഗർ ശർമ്മ മൊഴി നൽകിയിട്ടുണ്ട്. ബുധനാഴ്‌ച ശൂന്യവേളയിൽ സന്ദർശക ഗാലറിയിൽ നിന്ന് താഴേയ്ക്കേ് ചാടിയ രണ്ട് പ്രതികളിൽ ഒരാളാണ് സാഗർ ശർമ
‘ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനും മാധ്യമശ്രദ്ധ നേടുന്നതിനും അവർക്ക് എന്തെങ്കിലും ചെയ്യണമായിരുന്നു. അവരുടെ പ്രത്യയശാസ്ത്രം പൊരുത്തപ്പെടാത്തതിനാൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായും ഒത്തുചേരാൻ അവർ ആഗ്രഹിച്ചില്ല. പാർലമെൻ്റിന് പുറത്ത് സ്വയം തീകൊളുത്താൻ സംഘം പദ്ധതിയിട്ടിരുന്നു. യഥാർത്ഥത്തിൽ തീപിടിക്കാതിരിക്കാൻ സഹായിക്കുന്ന ജെൽ പോലുള്ള ഒരു വസ്തു വാങ്ങാൻ ഇവർ പദ്ധതിയിട്ടിരുന്നു.
ഈ ജെൽ ഓൺലൈനിൽ വാങ്ങാൻ ശ്രമിച്ചു. അതിനായി പണം ശേഖരിച്ചു. എന്നാൽ പണമടയ്ക്കാൻ കഴിഞ്ഞില്ലെന്നും’, സാഗർ ശർമ്മയെ ഉദ്ധരിച്ച് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇതിനിടെ പ്രതികളെ ഇന്ന് പാർലമെൻ്റിൽ എത്തിച്ച് അതിക്രമം പുനരാവിഷ്കരിക്കും.