മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിൽ നിന്ന് കുക്കി വിഭാഗത്തെ ഒഴിപ്പിച്ചതിൽ കടുത്ത പ്രതിഷേധം


ഇംഫാല്‍: മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിൽ നിന്ന് കുക്കി വിഭാഗത്തെ ഒഴിപ്പിച്ചതിൽ കടുത്ത പ്രതിഷേധം. സമ്മതം ഇല്ലാതെയാണ് ഒഴിപ്പിക്കൽ എന്നാണ് ആക്ഷേപം. തട്ടിക്കൊണ്ടു പോകുന്നതിന് സമാനമായിരുന്നു ഒഴിപ്പിക്കലെന്ന് കുക്കി സംഘടനകൾ ആരോപിച്ചു.
മെയ്തെയ് മേഖലയായ ഇംഫാലിലെ ന്യൂ ലാംബുലേനിലെ കുക്കി കുടുംബങ്ങളെയാണ് സർക്കാർ ഒഴിപ്പിച്ചത്. 10 കുടുംബങ്ങളിലെ 24 പേരെ കുക്കി മേഖലയായ ക്യാങ്ങ്പോപ്പിയിലേക്കാണ് മാറ്റിയത്. സംഘർഷത്തിന് പിന്നാലെ ഇവരുടെ വീടുകൾക്ക് നേരത്തെ കേന്ദ്രസേന കാവൽ ഏര്‍പ്പെടുത്തിയിരുന്നു. ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ അടക്കം ഒഴിപ്പിച്ചവരിൽ ഉൾപ്പെടും. മുൻകൂട്ടി അറിയിക്കാതെ നിർബന്ധിതമായി മാറ്റിയെന്ന് താമസക്കാർ പറഞ്ഞു. സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം.
കഴിഞ്ഞ ദിവസം മണിപ്പൂരിൽ വീണ്ടും വെടിവെപ്പുണ്ടായിരുന്നു. മൊയ്റാങ്ങിലെ നരൻസീനയിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. നരൻസീനയിൽ കഴിഞ്ഞ മാസം 29ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തുടങ്ങിയ സംഘർഷമാണ് ഇപ്പോഴും തുടരുന്നത്. പൊലീസുകാർ ഉൾപ്പെടെ ഏഴ് പേർക്ക് ഇതുവരെ ഇവിടെ പരിക്കേറ്റിട്ടുണ്ട്. അതിനിടെ സംഘർഷം നിയന്ത്രിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നും കുക്കികൾ സംസ്ഥാനത്ത് ആക്രമം നടത്തുകയാണെന്നും ആരോപിച്ച് മെയ്തെയ് സംഘടന പ്രതിഷേധം പ്രഖ്യാപിച്ചു. ഈ മാസം 21 വരെ ‘കറുത്ത സെപ്തംബർ’ ആചരിക്കാനാണ് തീരുമാനം.