വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘത്തിന്റെ സന്ദര്‍ശനം
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘത്തിന്റെ സന്ദര്‍ശനം. സംഘര്‍ഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഇന്ന് ഉച്ചയ്ക്ക് വിഴിഞ്ഞം സന്ദര്‍ശിക്കുന്നത്.
ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം തുടങ്ങിയവരാണ് സമാധാന ദൗത്യ സംഘത്തില്‍ ഉള്ളത്.
സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും പൊലീസുകരെയും സംഘം സന്ദര്‍ശിക്കും. മുല്ലൂരിലെ സമരപ്പന്തലുകളും സന്ദര്‍ശിക്കും. സമരം ഒത്തുതീര്‍പ്പാക്കുന്നതിനായുള്ള സമവായ ചര്‍ച്ചകളും തുടരുകയാണ്. അടുത്ത ദിവസങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് ലത്തീന്‍ അതിരൂപതാ നേതൃത്വവുമായി ചര്‍ച്ച നടത്തിയേക്കും. കഴിഞ്ഞ ദിവസങ്ങളിലെ സമവായി നീക്കങ്ങളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് സമരസമിതിയും യോഗം ചേര്‍ന്നേക്കും.