നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ ഒരു വലിയ ദുരന്തമായി മാറുകയാണ്; നീരജ് മാധവ്

single-img
18 October 2022

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നീലക്കുറിഞ്ഞി വിശേഷങ്ങളാണ്. 12 വര്‍ഷം കഴിഞ്ഞ് പൂത്ത നീലക്കുറിഞ്ഞി കാണുന്നതിനായി നിരവധി പേരാണ് ഇടുക്കിയിലെ കള്ളിപ്പാറയില്‍ എത്തുന്നത്.

അവധി ദിവസങ്ങളില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. എന്നാല്‍ പ്രദേശത്ത് വലിയ നാശം വിതയ്ക്കുകയാണ് നീലക്കുറിഞ്ഞി കാണാനായി എത്തുന്നവര്‍. വിനോദസഞ്ചാരികള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് പ്രദേശത്ത് നിറയുകയാണ്. ഇതിനെതിരെ വിമര്‍ശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നീരജ് മാധവ്.

നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ ഒരു വലിയ ദുരന്തമായി മാറുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് നീരജിന്റെ കുറിപ്പ്. പ്ലാസ്റ്റിക് കൊണ്ടുപോയി അവിടെ വലിച്ചെറിയരുതെന്നാണ് താരം അഭ്യര്‍ത്ഥിക്കുന്നത്. നീലക്കുറിഞ്ഞി ചെടികള്‍ക്കിടയില്‍ പ്ലാസ്റ്റിക് ബോട്ടിലുകളും കവറുകളും കിടക്കുന്നതിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് കു‌റിപ്പ്.

”നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ ഒരു വലിയ ദുരന്തമായി മാറുകയാണ്. ആളുകള്‍ വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്ഥലത്ത് ഉപേക്ഷിക്കുക മാത്രമല്ല ചെയ്യുന്നത് അമ്യൂല്യമായ പൂക്കളിലും ചെടികളിലും അവ നിക്ഷേപിക്കുന്നു. ഇത് ഒഴിവാക്കാന്‍ അധികാരികള്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആളുകള്‍ അതൊന്നും കാര്യമാക്കുന്നില്ല. ഈ മനോഹരമായ സ്ഥലം സന്ദര്‍ശിക്കുന്ന എല്ലാവരോടും ഒരു അഭ്യര്‍ത്ഥന, ദയവായി പ്ലാസ്റ്റിക് കൊണ്ടുപോകരുത്. ഇനി പ്ലാസ്റ്റിക് കൊണ്ടുപോയാലും അത് അവിടെ വലിച്ചെറിയാതിരിക്കുക”- നീരജ് കുറിച്ചു.