വിഴിഞ്ഞം സമരം നൂറാം ദിവസത്തിലേക്ക്; കരമാര്‍ഗവും കടല്‍മാര്‍ഗവും ഇന്ന് തുറമുഖം ഉപരോധിക്കും

single-img
27 October 2022

വിഴിഞ്ഞം പ്രതിഷേധത്തിന്‍റെ നൂറാം ദിവസത്തിലേക്ക് കടന്നു. സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് കരമാര്‍ഗവും കടല്‍മാര്‍ഗവും ഇന്ന് തുറമുഖം ഉപരോധിക്കും. വിഴിഞ്ഞം തുറമുഖനിര്‍മാണം നിര്‍ത്തി വെക്കണം എന്ന സമരമസമിതിയുടെ ആവശ്യം ഇതുവരെയും സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് സമരം നീണ്ടു പോകുന്നത്.

കഴിഞ്ഞ ജൂലൈ 20 ന് മത്സ്യത്തൊഴിലാളികള്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിൽ സമരം തുടങ്ങുന്നത്. സെക്രട്ടേറിയററിനു മുമ്പിലെ സമരം ഫലം കാണാഞ്ഞതോടെ വിഴിഞ്ഞം തുറമുഖ കവാടത്തിലേയ്ക്ക് സമര വേദി മാറ്റിയത്. തുറമുഖ നിര്‍മാണം തടസപ്പെടുത്തരുതെന്ന ഹൈക്കോടതി മറികടന്നുകൊണ്ടാണ് സമരം മുന്നോട്ടു പോകുന്നത്.

തീരശോഷണം പഠിക്കുക, പുനരധിവാസം തുടങ്ങി പ്രധാന ആവശ്യങ്ങളിലൊക്കെ തീരുമാനമായെന്നും സമരം അവസാനിപ്പിക്കണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഒറ്റ ആവശ്യത്തില്‍ പോലും സര്‍ക്കാര്‍ കൃത്യമായ തീരുമാനമെടുത്തിട്ടില്ലെന്ന് സമര സമിതിയും ആരോപിക്കുന്നു. സമരത്തിനെതിരെ പ്രദേശവാസികളുടെ കൂട്ടായ്മയും ശക്തിപ്രാപിക്കുന്നുണ്ട്. കോടതിയില്‍ നിലവിലുളള കേസുകളിലെ വിധിയും സമരത്തിന്റെ ഭാവിയില്‍ നിര്‍ണായകമാണ്. സമരം അനന്തമായി നീളുമ്പോള്‍ സര്‍ക്കാര്‍ സമ്മര്‍ദത്തിലാകുമെന്നും ആവശ്യങ്ങളില്‍ അനുകൂല നിലപാട് ഉണ്ടാകുമെന്നുമാണ് സമരസമിതി പ്രതീക്ഷിക്കുന്നത്.