നഗരസഭയിൽ ഒഴിവുള്ള കാര്യം പാർട്ടിയെ അറിയിക്കുന്നതിൽ തെറ്റില്ല: വി കെ പ്രശാന്ത്


നഗരസഭയിൽ ഒഴിവുള്ള കാര്യം പാർട്ടി നേതൃത്വത്തെ അറിയിക്കുന്നതിൽ തെറ്റില്ലെന്ന് മുൻ മേയറും വട്ടിയൂർക്കാവ് എം എൽ എയുമായ വി കെ പ്രശാന്ത്. മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി നേതൃത്വം നൽകുന്ന കത്തിന്റെ അടിസ്ഥാനത്തിലല്ല നഗരസഭയിൽ നിയമനം നടത്തുന്നതെന്നും ഇതുമായി ബന്ധപ്പെട്ടുവരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എം എൽ എ കൂട്ടിച്ചേർത്തു.
അതേസമയം കോർപ്പറേഷന് കീഴിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട് ഒഴിവുള്ള വിവിധ താൽക്കാലിക തസ്‌തികകളിൽ ആളെ നിയമിക്കുന്നതിന് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ച മേയർ ആര്യാ രാജേന്ദ്രന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധങ്ങളുമായി ബിജെപിയും കോൺഗ്രസും രംഗത്തെത്തി. മേയർ രാജിവയ‌്ക്കണമെന്നും, ഭരണസമിതി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് കോർപ്പറേഷനിലെ പ്രതിപക്ഷ കക്ഷികൾ മേയറുടെ ഓഫീസ് ഉപരോധിക്കുകയാണ്.
കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. മേയറുടെ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ‌്തുനീക്കി. തുടർന്ന് ബിജെപി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ ഗോപന്റെ നേതൃത്വത്തിൽ പ്രതിഷേധവുമായി ബിജെപി കൗൺസിലർമാരും രംഗത്തെത്തി. മേയറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച ഇവരെ പൊലീസ് ഇടപെട്ട് പുറത്താക്കി.