ഇടവേള ബാബുവിനെ അധിക്ഷേപിച്ചതായി പരാതി: വ്ലോഗർ കൃഷ്ണപ്രസാദ് കസ്റ്റഡിയിൽ

30 January 2023

നടൻ ഇടവേള ബാബുവിനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ വ്ലോഗറും തിരുവനന്തപുരം സ്വദേശിയുമായ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം കൊച്ചി കാക്കനാട് സൈബർ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇടവേള ബാബു നൽകിയ പരാതിയിലാണ് നടപടി. തന്നെയും താരസംഘടന അമ്മയെയും സാമൂഹ്യമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതിയിൽ ഇടവേള ബാബു പറയുന്നത്. കൃഷ്ണപ്രസാദിനൊപ്പം ഇയാളുടെ മൊബൈലും ലാപ്പ് ടോപ്പും അടക്കമുള്ള സാധനങ്ങളും സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, കൃഷ്ണപ്രസാദിൻ്റെ ഇൻസ്റ്റാഗ്രാം അക്കൌണ്ടിൽ നാല് ദിവസം മുൻപാണ് ഇടവേള ബാബുവിനെതിരെ വീഡിയോ പങ്കുവച്ചത്. അഡ്വ.മുകുന്ദനുണ്ണി എന്ന ചിത്രത്തിനെതിരെ ബാബു നടത്തിയ വിമർശനത്തിന് എതിരെയായിരുന്നു വീഡിയോ.