ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി വേണം; ജനാധിപത്യത്തിൻ്റെ ശബ്ദം മായ്ച്ച് കളയാനാവില്ല: രാഹുൽ ഗാന്ധി
ജനാധിപത്യത്തിൻ്റെ ശബ്ദം ഒരിക്കലും മായ്ച്ച് കളയാനാവില്ലെന്ന ട്വീറ്റുമായി രാഹുൽ ഗാന്ധി. ഇന്ന് ലോക്സഭയിൽ മോദി – ആദാനി ബന്ധത്തെ കുറിച്ച് ആരോപണം ഉന്നയിച്ച് നടത്തിയ പ്രസംഗം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്.
താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി വേണമെന്നും പ്രധാനമന്ത്രിയോട് രാഹുൽ ആവശ്യപ്പെട്ടു.അതേസമയം, ആരോപണങ്ങൾക്ക് രാഹുൽ തെളിവ് ഹാജരാക്കാത്തതോടെയാണ് പരാമർശങ്ങൾ നീക്കാൻ സ്പീക്കർ നിർദ്ദേശം നൽകിയതെന്നാണ് ലോക്സഭ വൃത്തങ്ങൾ സ്ഥിരീകരിച്ചത്.
വിഷയത്തിൽ പ്രധാനമന്ത്രിയേയും അദാനിയേയും ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് ബിജെപി നടപടി ആവശ്യപ്പെട്ടു. രാജ്യസഭയില്‍ അദാനിയുടെ പേര് പറയാതെ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ആരോപണം ആവര്‍ത്തിച്ചു. രാജ്യസഭ ചെയര്‍മാനും ഭരണപക്ഷവും കോണ്‍ഗ്രസിനോട് തെളിവ് ചോദിച്ചു.