വിശ്വാസവോട്ട്: നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡക്ക് പരാജയം

single-img
12 July 2024

ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡക്ക് പരാജയം. 275 അംഗങ്ങളുള്ള രാജ്യത്തെ ജനപ്രതിനിധി സഭയില്‍ 63 വോട്ടുകള്‍ മാത്രമാണ് പ്രചണ്ഡക്ക് ലഭിച്ചത്. ജയിക്കണമെങ്കിൽ കുറഞ്ഞത് 138 വോട്ടുകള്‍ വേണം. 2022 ഡിസംബര്‍ 25ന് സ്ഥാനമേറ്റതു മുതല്‍ പ്രചണ്ഡ ഇതുവരെ നാല് വിശ്വാസ വോട്ടുകളെ അതിജീവിച്ചിരുന്നു .

പരാജയത്തോടെ മുന്‍ പ്രധാനമന്ത്രിയും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യൂനിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎന്‍യുഎംഎല്‍) നേതാവുമായ കെ പി ശര്‍മ ഒലിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചേക്കും. ഒലിയുടെ പാര്‍ട്ടി പ്രചണ്ഡ സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ചതിനാലാണ് ഇപ്പോൾ വിശ്വാസ വോട്ടെടുപ്പ് നടത്തിയത്.

ഇതിനോടകം തന്നെ നേപ്പാളി കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഎന്‍യുഎംഎല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം ,അടുത്ത പ്രധാനമന്ത്രിയായി ഒലിയെ നേപ്പാളി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷേര്‍ ബഹാദൂര്‍ ദ്യൂബ അംഗീകരിച്ചു.