ജമ്മു കശ്മീരിൽ ഒന്നാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു


ഒന്നാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിൽ നിലവിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. കശ്മീർ താഴ് വരയിലെ പതിനാറും ജമ്മുവിലെ എട്ടും മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. വാശിയേറിയ പോരാട്ടം നടക്കുന്ന ദക്ഷിണ കശ്മീരിലെ കുൽഗാം, പുൽവാമ, ഷോപിയാൻ, അനന്ത് നാഗ് തുടങ്ങിയ ഇടങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.
അടുത്തിടെ നടന്ന ഭീകരാക്രണങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. ആകെ 219 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. 23 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും.
മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, കശ്മീരിലെ കോൺഗ്രസ് മുൻ പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ തുടങ്ങിയവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാർഥികൾ.