തിരുവനന്തപുരം കോർപ്പറേഷൻ ഉപരോധം; അറസ്റ്റ് തുടങ്ങിയപ്പോൾ രാജേഷ് മുങ്ങി
നിയമന വിവാദത്തിൽ കുടുങ്ങിയ തിരുവനന്തപുരം കോർപ്പറേഷൻ മേയര് ആര്യ രാജേന്ദ്രനെ തടയാൻ ശ്രമിച്ച ബിജെപി കൗൺസിലർമാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിന് തൊട്ടു മുൻപ് പൂജപ്പുര കൗൺസിലറും ബിജെപി ജില്ലാ പ്രസിഡന്റുമായ വിവി രാജേഷ് മുങ്ങിയതായി ആരോപണം.
മേയറുടെ ഓഫീസിനു മുന്നിൽ ചൊവ്വാഴ്ച രാത്രി മുതൽ ബിജെപി കൗൺസിലർമാർ ഉപരോധമുൾപ്പടെയുള്ള പ്രതിഷേധ പരിപാടികൾ തുടങ്ങിയിരുന്നു. എന്നാൽ രാജേഷ് എത്തിയത് ഉച്ചയോടെ മാത്രമാണ്. തുടർന്ന് കോർപ്പറേഷൻ ഓഫീസിന് താഴെ എത്തി മാധ്യമങ്ങളോട് അരമണിക്കൂറോളം സംസാരിച്ചു. ഇതിനിടെ പോലീസ് കൗൺസിലർമാരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ഇത് കണ്ടതോടെയാണ് രാജേഷ് മുങ്ങിയത് എന്നാണു ബിജെപിക്കാർ ആരോപിക്കുന്നത്.
മേയർ എത്തിയ ശേഷം ഉണ്ടായ കൗൺസിലർമാരുടെ പ്രതിഷേധത്തിലും രാജേഷ് ഉണ്ടായില്ല. എം ആർ ഗോപൻ കെ അനിൽകുമാർ തുടങ്ങി സമരക്കാരായ കൗൺസിലർമാരെ വരെ പോലീസ് ഉച്ചയോടെ അറസ്റ്റ് ചെയ്തു നീക്കി. പോലീസ് വാഹനം എത്തിച്ച് അതിൽ കയറ്റി ഇവരെ കൊണ്ടുപോയി നിമിഷങ്ങൾ കഴിഞ്ഞപ്പോൾ തന്റെ കാറിൽ പുറത്തേക്ക് വന്ന രാജേഷ് മാധ്യമം പ്രവർത്തകർക്കിടയിലൂടെയാണ് സ്ഥലം കളിയാക്കിയത്.