വാളയാർ കേസിൽ പ്രതികൾക്ക് ജാമ്യം


വാളയാർ കേസ് സിബിഐ പുനരന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടതിനു പിന്നാലെ രണ്ടു പ്രതികൾക്ക് പോക്സോ കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി വി.മധുവിനും മൂന്നാം പ്രതി ഷിബുവിനുമാണ് ഇപ്പോൾ ജാമ്യം ലഭിച്ചത്. രണ്ടാം പ്രതിയായ എം.മധുവിന് നേരത്തെ ഹൈക്കോടതി തന്നെ ജാമ്യം നൽകിയിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളും ജയിൽമോചിതരായിട്ടുണ്ട്.
നേരത്തേ എല്ലാ പ്രതികളെയും പാലക്കാട് പോക്‌സോ കോടതി തെളിവില്ലെന്ന് പറഞ്ഞ് വെറുതേ വിട്ടിരുന്നു. എന്നാൽ 2021 ജനുവരി 6ന് ഹൈക്കോടതി ഈ വിധി റദ്ദാക്കുകയും പ്രതികളെല്ലാവരും വീണ്ടും ജയിലിലാവുകയും ആയിരുന്നു.
2017 ജനുവരി 13നാണ് 13 വയസ്സുകാരിയെയും മാർച്ച് 4ന് സഹോദരിയായ ഒമ്പത് വയസുകാരിയെയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണമെന്ന് മാത്രമായിരുന്നു ആദ്യമന്വേഷിച്ച ലോക്കൽ പോലീസിന്റെ നിഗമനം. സംഭവം വിവാദമായതോടെ നാർകോട്ടിക് സെൽ ഡിവൈഎസ്പിക്ക് കേസ് കൈമാറി. ഇരുവരം പീഡനത്തിനിരയായതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ആദ്യ മരണത്തിൽ കേസെടുക്കാൻ അലംഭാവം കാണിച്ചതിന് വാളയാർ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തിരുന്നു.