യുദ്ധം ഒരിക്കലും തള്ളിക്കളയാനാവില്ല: അഡ്മിറൽ ആർ ഹരി കുമാർ
എതിരാളികളുമായുള്ള യുദ്ധം ഒരിക്കലും തള്ളിക്കളയാനാവില്ലെന്ന് ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ. സമുദ്രമേഖലയിൽ ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ ഇങ്ങനെ പറഞ്ഞത്. യുദ്ധത്തിനുള്ള സാധ്യത തടയാൻ കഠിനമായി പരിശ്രമിക്കുന്നതിനിടയിൽ അത്തരം ഒരു സംഭവവികാസത്തിനായി സജ്ജരായിരിക്കുകയും തയ്യാറാകുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ് എന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗതവും പാരമ്പര്യേതരവുമായ സ്രോതസ്സുകളിൽ നിന്നുള്ള ഭീഷണികളുടെയും വെല്ലുവിളികളുടെയും ട്രെൻഡുകളും പാറ്റേണുകളും നാവികസേന സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് എടുത്തുപറഞ്ഞ അദ്ദേഹം, പാരമ്പര്യേതര സുരക്ഷാ ഭീഷണികളായ കടലിലെ തീവ്രവാദി സാനിധ്യം, കടൽക്കൊള്ള, കവർച്ച, മനുഷ്യൻ, ആയുധങ്ങൾ, മയക്കുമരുന്ന് കടത്ത് എന്നിവ കൂട്ടിച്ചേർത്തു.
ഇന്തോ-പസഫിക് മേഖല ഒരു തന്ത്ര പ്രധാനമായ മേഖലയാണ് എന്നും, യുഎസ്-ചൈന വൈരാഗ്യം ഇവിടെ നിലനിൽക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇതൊരു ചെറിയ സ്പ്രിന്റല്ല, ഒരു നീണ്ട മാരത്തണിലാണ് അമേരിക്കയും ചൈനയും ഏർപ്പെട്ടിരിക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പുള്ള കാലഘട്ടം പോലെ പടിഞ്ഞാറും ചൈനയും തമ്മിലുള്ള ഒരു നാവിക ആയുധ മത്സരത്തിലേക്ക് സാഹചര്യം നയിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.