ബഹിരാകാശ യുദ്ധം ഒരു സാധ്യത; അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതിരോധിക്കണം: ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാൻ


ബഹിരാകാശത്തെ ആയുധവൽക്കരിക്കാൻ രാജ്യമാണ് ശ്രമിക്കുമ്പോൾ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതിരോധിക്കാൻ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ. ഇന്ത്യൻ സ്‌പേസ് അസോസിയേഷൻ സംഘടിപ്പിച്ച ത്രിദിന ഇന്ത്യൻ ഡിഫ്‌സ്‌പേസ് സിമ്പോസിയം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര, കടൽ, വായു, സൈബർ എന്നിവയുടെ വ്യാപ്തി വർദ്ദിപ്പിക്കുന്ന ഒന്നാണ് സ്‌പേസ്. ബഹിരാകാശത്തിന്റെ സൈനികവൽക്കരണത്തിൽ നിന്നും മാറിനിൽക്കാൻ ഇനി കഴിയില്ല- അദ്ദേഹം പറഞ്ഞു
റഷ്യയും ചൈനയും നടത്തിയ ആന്റി സാറ്റലൈറ്റ് പരീക്ഷണങ്ങൾ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എടുത്തുപറഞ്ഞുകൊണ്ടാണ് ബഹിരാകാശ മേഖലയിൽ ഇന്ത്യ ആക്രമണവും പ്രതിരോധശേഷിയും ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നി പറഞ്ഞത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെയും ഭാവിയിലെയും വെല്ലുവിളികൾ നേരിടാൻ പ്രാപ്തമായിരിക്കണം. അത്യാധുനിക സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഡ്യുവൽ യൂസ് പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കുക എന്നതായിരിക്കണം നമ്മുടെ എല്ലാവരുടെയും ലക്ഷ്യം അനിൽ ചൗഹാൻ കൂട്ടിച്ചേർത്തു.
ഇന്ത്യ NavIC ശൃംഖല വിപുലീകരിക്കണമെന്നും ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള ചടുലമായ ഇന്റലിജൻസ് നിരീക്ഷണവും, രഹസ്യാന്വേഷണവും സുരക്ഷിതമായ സാറ്റലൈറ്റ് സഹായത്തോടെയുള്ള ആശയവിനിമയ സംവിധാനവും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.