ക്രിക്കറ്റിന്റെ ദൈവമാണ് വസീം അക്രം; ലോകത്തിലെ എല്ലാ ബാറ്റര്‍മാരും അദ്ദേഹത്തെ ഭയപ്പെട്ടിരുന്നു: സഞ്ജയ് ദത്ത്


ക്രിക്കറ്റിൽ തന്റെ ദൈവം പാകിസ്താന്‍ ഇതിഹാസ താരമായിരുന്ന വസീം അക്രമാണെന്ന് ബോളിവുഡ് സൂപ്പർ സ്റ്റാർ സഞ്ജയ് ദത്ത്. ദുബായില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് മുന്‍ പാകിസ്താന്‍ ക്യാപ്റ്റനും വസീമിനെ പ്രശംസിച്ച് സഞ്ജയ് ദത്ത് സംസാരിച്ചത്. വസീം അക്രമും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
‘വസീം അക്രത്തിനോടൊപ്പം ഇവിടെ ഇരിക്കാന്‍ സാധിച്ചത് തന്നെ അഭിമാനിക്കുന്നു. എനിക്ക് സഹോദരനെപ്പോലെയാണ് അദ്ദേഹം. വര്‍ഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് വസീം അക്രം’, സഞ്ജയ് ദത്ത് പറഞ്ഞു.
‘ക്രിക്കറ്റിന്റെ ദൈവമാണ് വസീം ഭായ്. അദ്ദേഹത്തിന്റെ റിവേഴ്സ് സ്വിംഗ് കാണുന്നത് തന്നെ ആവേശമാണ്. ലോകത്തിലെ എല്ലാ ബാറ്റര്‍മാരും അദ്ദേഹത്തെ ഭയപ്പെട്ടിരുന്നു’, സഞ്ജയ് ദത്ത് കൂട്ടിച്ചേര്‍ത്തു.
ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇടങ്കയ്യന്‍ പേസര്‍മാരില്‍ ഒരാളാണ് വസീം അക്രം. കരിയറിൽ വെറും 460 മത്സരങ്ങളില്‍ നിന്ന് 916 വിക്കറ്റുകളാണ് അക്രം വീഴ്ത്തിയത്. 1998ലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം വിരമിച്ചത്.