അയോധ്യ രാമക്ഷേത്രപാതയിൽ വെള്ളക്കെട്ട് ; 14 കിലോമീറ്റർ ഭാഗത്ത് കുഴികൾ; ആറ് ഉദ്യോഗസ്ഥരെ യോഗി സർക്കാർ സസ്പെൻഡ് ചെയ്തു
അയോധ്യയിലെ രാമക്ഷേത്രം തുറന്ന് ആറ് മാസത്തിന് ശേഷം, ആദ്യ റൗണ്ട് മഴ ക്ഷേത്ര നഗരത്തിൽ കനത്ത വെള്ളക്കെട്ടിന് കാരണമായി. ഇത് അതിൻ്റെ വേഗത്തിലുള്ളതും ബൃഹത്തായതുമായ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.
അയോധ്യയിൽ പുതുതായി നിർമ്മിച്ച രാംപഥ് റോഡ് 14 കിലോമീറ്റർ ഭാഗത്ത് കുഴികൾ രൂപപ്പെട്ടതിനെത്തുടർന്ന്, ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ റോഡ് ഉടൻ നന്നാക്കിയതായി അധികൃതർ പറഞ്ഞു. ഗുരുതരമായ അനാസ്ഥയുടെ പേരിൽ ആറ് ഉദ്യോഗസ്ഥരെ യോഗി ആദിത്യനാഥ് സർക്കാർ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.
വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മഴവെള്ളം ഒഴുക്കിവിടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി അയോധ്യ മേയർ ഗിരീഷ് പതി ത്രിപാഠി പറഞ്ഞു. അതേസമയം ,കഴിഞ്ഞ ശനിയാഴ്ച അർധരാത്രി പെയ്ത കനത്ത മഴയെ തുടർന്ന് ക്ഷേത്രത്തിലും ചോർച്ചയുണ്ടായി.
ക്ഷേത്രത്തിൻ്റെ മേൽക്കൂരയിൽ നിന്ന് ഒഴുകുന്ന മഴവെള്ളം കോംപ്ലക്‌സിനുള്ളിൽ കെട്ടിക്കിടക്കുന്നുണ്ടെന്ന് രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ തിങ്കളാഴ്ച അവകാശപ്പെട്ടിരുന്നു. ക്ഷേത്രപരിസരത്തെ മഴവെള്ളം ഒഴുക്കിവിടാൻ സംവിധാനമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
” മേൽക്കൂരയിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും ഒഴുകിയിട്ടില്ല, അല്ലെങ്കിൽ എവിടെനിന്നും വെള്ളം സങ്കേതത്തിലേക്കോ ഗർഭ ഗൃഹത്തിലേക്കോ പ്രവേശിച്ചിട്ടില്ല. മഴവെള്ളം ഒഴുകിപ്പോകാൻ ക്ഷേത്രത്തിൽ മികച്ച ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് “- എന്നാൽ ചോർച്ച അവകാശവാദങ്ങൾ നിരസിച്ചുകൊണ്ട് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.