ദളിത് സ്ത്രീ വെള്ളം കുടിച്ചു; വാട്ടർ ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് വൃത്തിയാക്കി ഇതരജാതിക്കാർ
കർണാടകയിലെ ദളിത് സ്ത്രീ വെള്ളം കുടിച്ച ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് വൃത്തിയാക്കി ഇതരജാതിക്കാർ. സംസ്ഥാനത്തെ ചാമരാജ നഗറിലെ ഹെഗ്ഗോതറ ഗ്രാമത്തിലാണ് ഒരു വിവാഹത്തിന് പങ്കെടുക്കാനെത്തിയ സ്ത്രീ കുടിവെള്ള ടാങ്കിനോട് അടുത്തുള്ള പൈപ്പിൽ നിന്നും വെള്ളം കുടിച്ചത്. ഈ മാസം 18നാണ് സംഭവം നടക്കുന്നത്.
ദളിത് സമുദായത്തിലെ പൈപ്പിൽ നിന്നും വെള്ളം കുടിക്കുന്നത് കണ്ട പ്രദേശത്തെ ഏതാനും ഇതര ജാതിക്കാർ സ്ത്രീയെ ആദ്യം ശകാരിച്ചു. പിന്നാലെ സ്ത്രീ ഗ്രാമത്തിൽ നിന്നും പോയ ശേഷം ഇവർ ടാങ്കിലെ പൈപ്പ് തുറന്ന് വെള്ളം പൂർണ്ണമായും തുറന്നു വിടുകയും ഗോമൂത്രം ഉപയോഗിച്ച് ടാങ്ക് വൃത്തിയാക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
വീഡിയോ ശ്രദ്ധയിൽപ്പെട്ട പിന്നാലെ ചാമരാജനഗറിന്റെ ചുമതലയിലുള്ള മന്ത്രി വി സോമണ്ണ സ്ഥലം സന്ദർശിച്ചു. കർണാടകാ സാമൂഹ്യ ക്ഷേമവകുപ്പിനോടും ജില്ലാ കമ്മീഷണറോടും മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സോമണ്ണ പറഞ്ഞു. സംഭവം ദൗർഭാഗ്യകരമാണെന്നും എല്ലാവരും ഒരുമിച്ച് ജീവിക്കണമെന്നും സോമണ്ണ വ്യക്തമാക്കി.