കേന്ദ്രത്തിൻ്റേത് രാഷ്ട്രീയ മുതലെടുപ്പ്; അമിത്ഷായുടെ പ്രസ്താവനയിൽ ഗൂഢലക്ഷ്യമെന്ന് കെ എൻ ബാലഗോപാൽ

single-img
31 July 2024
KN Balagopal Slams Amit Shah

വയനാട്ടിലെ ദുരന്തത്തിൽ കേരളത്തെ സഹായിക്കുന്നതിന് പകരം കേന്ദ്രസർക്കാർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വയനാട് ദുരന്തം രാജ്യസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ഇന്നലെ നമ്മുടെ എം. പിമാർ ആവശ്യപ്പെട്ടപ്പോൾ അവരെ അടക്കിയിരുത്താനും വിഷയം മാറ്റാനുമാണ് രാജ്യസഭാ അധ്യക്ഷൻ ശ്രമിച്ചതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബാലഗോപാൽ കേന്ദ്രസർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.

നമ്മുടെ രാജ്യമൊന്നാകെ ഈ ദുരന്തത്തെ നേരിടാൻ ഒന്നിച്ചു നിൽക്കേണ്ട ഘട്ടത്തിൽ ഇത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ് കേന്ദ്ര ഗവണ്മെന്റിലെ ഉന്നതരായ പലരും. കേന്ദ്ര മന്ത്രി അമിത്ഷാ നടത്തിയ പ്രസ്താവനയിലടങ്ങിയിട്ടുള്ള രാഷ്ട്രീയ ഗൂഢലക്ഷ്യം, കേരളത്തിന്റെ ദുരന്തത്തിൽ സഹായിക്കുന്നതിനുള്ളതല്ലെന്നും ബാലഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇതാദ്യമായല്ല പ്രളയവും ഉരുൾപൊട്ടലും സംസ്ഥാനത്തുണ്ടാകുന്നത്. 2018-ലെ പ്രളയത്തിൽ നിന്നും നിരവധി ഉരുൾപൊട്ടലുകളിൽ നിന്നും നാം കൈകോർത്ത് അതിജീവിച്ച് മുന്നേറുന്നതേ ഉണ്ടായിരുന്നുള്ളൂ. ഈ കഴിഞ്ഞ ബജറ്റിൽ കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി പ്രഖ്യാപിച്ച പ്രളയദുരിതാശ്വാസ പാക്കേജിൽ കേരളം ഉൾപ്പെട്ടിരുന്നില്ല എന്നോർക്കണം. ഈ ദുരന്തം ഉണ്ടായ പശ്ചാത്തലത്തിലെങ്കിലും കേരളത്തെ ഈ പാക്കേജിൽ ഉൾപ്പെടുത്തണം എന്നും നമ്മുടെ എം.പിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിൽ സൈന്യം നടത്തിയ രക്ഷാപ്രവർത്തനത്തിന് 102 കോടിരൂപ ബില്ലടച്ച ജനതയാണ് നാമെന്ന് ഓർക്കണമെന്നും ധനമന്ത്രി പറയുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പണം നൽകരുത് എന്ന ക്യാമ്പയിനുമായി ചിലർ ഇറങ്ങിയിട്ടുണ്ട്. ഒരു ദുരന്തവും ഇല്ലാത്ത കാലത്തും ദുരിതകാലത്തും ഒരുപോലെ മലയാളികൾ സഹിക്കേണ്ടിവരുന്ന ചില വിഷജീവികളാണിതിന് പിന്നിലെന്നും ധനമന്ത്രി ആരോപിച്ചു.

ധനമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

സമാനതകളില്ലാത്ത ഒരു ദുരന്തത്തെയാണ് നാം നേരിടുന്നത്. വയനാട്ടിൽ നമ്മുടെ സഹോദരങ്ങൾ എത്രപേർ മരിച്ചുവെന്ന് നമുക്കിനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഒറ്റരാത്രികൊണ്ട് ഉറ്റവരെയും ഉടയവരെയും വീടും ഭൂമിയുമെല്ലാം നഷ്ടമായ നമ്മുടെ സഹോദരങ്ങളുടെ കരച്ചിലിന് മുന്നിൽ നാം മരവിച്ച് നിൽക്കുകയാണ്.

വയനാട് ദുരന്തം രാജ്യസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ഇന്നലെ നമ്മുടെ എം. പിമാർ ആവശ്യപ്പെട്ടപ്പോൾ അവരെ അടക്കിയിരുത്താനും വിഷയം മാറ്റാനുമാണ് രാജ്യസഭാ അധ്യക്ഷൻ ശ്രമിച്ചത്. ഒടുവിൽ പ്രതിപക്ഷ എം.പിമാരുടെ കനത്ത പ്രതിഷേധത്തെത്തുടർന്ന് മാത്രമാണ് അവർ അത് ചർച്ചയ്ക്കെടുക്കാൻ തയ്യാറായത്. ഓരോ എം.പിയും സംസാരിക്കുമ്പോൾ എത്ര അസഹിഷ്ണുതയോടെയാണ് രാജ്യസഭാ അധ്യക്ഷൻ അവരെ സംസാരിക്കാൻ അനുവദിക്കാതെ അടക്കിയിരുത്തിയത് എന്നത് ഖേദകരമാണ്. കേരളം ഞങ്ങളുടെ മാത്രമല്ല ഈ രാജ്യത്തിൻ്റെ മണ്ണാണ് സാർ എന്ന് ഒരു എം.പിയ്ക്ക് പറയേണ്ടി വന്നു.

കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ എം.പിമാരായ ജോൺ ബ്രിട്ടാസ്, എ.എ റഹീം, സന്തോഷ് കുമാർ, ഡോ. വി. ശിവദാസൻ, ജോസ് കെ മാണി എന്നിവരും യുഡിഎഫ് എംപിമാരായ പി.വി അബ്ദുൽവഹാബ്, ജെബി മേത്തർ എന്നിവരും കേരളത്തിലെ ഭീതിദമായ സാഹചര്യം രാജ്യസഭയിൽ അവതരിപ്പിച്ചു. കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ എൽഡിഎഫ് – യുഡിഎഫ് ഭേദമില്ലാതെ ഈ സാഹചര്യത്തിൽ ഒരേസ്വരത്തിൽ നാടിനായി ശബ്ദമുയർത്തിയത് നല്ലകാര്യമാണ്.

നമ്മുടെ രാജ്യമൊന്നാകെ ഈ ദുരന്തത്തെ നേരിടാൻ ഒന്നിച്ചു നിൽക്കേണ്ട ഘട്ടത്തിൽ ഇത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ് കേന്ദ്ര ഗവണ്മെന്റിലെ ഉന്നതരായ പലരും. കേന്ദ്ര മന്ത്രി അമിത്ഷാ നടത്തിയ പ്രസ്താവനയിലടങ്ങിയിട്ടുള്ള രാഷ്ട്രിയ ഗൂഢലക്ഷ്യം, കേരളത്തിന്റെ ദുരന്തത്തിൽ സഹായിക്കുന്നതിനുള്ളതല്ല.

ഇതാദ്യമായല്ല പ്രളയവും ഉരുൾപൊട്ടലും സംസ്ഥാനത്തുണ്ടാകുന്നത്. 2018-ലെ പ്രളയത്തിൽ നിന്നും നിരവധി ഉരുൾപൊട്ടലുകളിൽ നിന്നും നാം കൈകോർത്ത് അതിജീവിച്ച് മുന്നേറുന്നതേ ഉണ്ടായിരുന്നുള്ളൂ. ഈ കഴിഞ്ഞ ബജറ്റിൽ കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി പ്രഖ്യാപിച്ച പ്രളയദുരിതാശ്വാസ പാക്കേജിൽ കേരളം ഉൾപ്പെട്ടിരുന്നില്ല എന്നോർക്കണം. ഈ ദുരന്തം ഉണ്ടായ പശ്ചാത്തലത്തിലെങ്കിലും കേരളത്തെ ഈ പാക്കേജിൽ ഉൾപ്പെടുത്തണം എന്നും നമ്മുടെ എം.പിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഓർക്കുക, കഴിഞ്ഞ പ്രളയത്തിൽ സൈന്യം നടത്തിയ രക്ഷാപ്രവർത്തനത്തിന് 102 കോടിരൂപ ബില്ലടച്ച ജനതയാണ് നാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പണം നൽകരുത് എന്ന ക്യാമ്പയിനുമായി ചിലർ ഇറങ്ങിയിട്ടുണ്ട്. ഒരു ദുരന്തവും ഇല്ലാത്ത കാലത്തും ദുരിതകാലത്തും ഒരുപോലെ മലയാളികൾ സഹിക്കേണ്ടിവരുന്ന ചില വിഷജീവികളാണിതിന് പിന്നിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ വരവും ചെലവുമെല്ലാം സുതാര്യമാണ്. പൊതുജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പരിശോധിക്കാൻ കഴിയുന്ന പരസ്യവിവരമാണത്.

ഒന്നിച്ച് ഒന്നായി കൈകോർത്തുപിടിച്ച് നമ്മുടെ സഹോദരങ്ങളെ നമുക്ക് ചേർത്ത് പിടിക്കാം.