വയനാട് ഉരുൾപൊട്ടൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

30 July 2024

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം. നിലവിൽ വയനാട്ടിൽ ദുരന്തത്തിലെ മരണസംഖ്യ ഉയരുകയാണ്. ഇതിനോടകം 19 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എൻഡിആർഎഫ് സംഘം രക്ഷാദൗത്യത്തിനായി മുണ്ടക്കൈയിൽ എത്തി. സൈന്യം കോഴിക്കോട് നിന്ന് തിരിച്ചു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ പോലീസ് എത്തും. സൈന്യവും വയനാട്ടിലേക്ക് എത്തുന്നുണ്ട്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.