സംസ്ഥാനത്തെ വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾ നവംബർ 13ന്

single-img
15 October 2024

സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൻ്റെയും ചേലക്കര, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെയും തീയതിയാണ് പ്രഖ്യാപിച്ചത്. മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നവംബർ 13ന് നടക്കും. വേട്ടെണ്ണല്‍ നവംബർ 23നായിരിക്കും.

വയനാട് നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി രാജി വെച്ച ഒഴിവിലാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും ചേലക്കര എംഎല്‍എ കെ രാധാകൃഷ്ണനും ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചതോടെയാണ് ഇരു മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് ആവശ്യമായത്.

അതേസമയം മഹാരാഷ്ട്രയുടെയും ജാര്‍ഖണ്ഡിന്റെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ നവംബര്‍ 20 ന് വോട്ടെടുപ്പും നവംബര്‍ 23 ന് വോട്ടെണ്ണലും നടക്കും. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 13 നും 20 നും വോട്ടെടുപ്പ് നടക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.