വയനാട്ടിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്താണെന്ന് അവിടുത്തെ എം പി തിരിഞ്ഞു നോക്കുന്നില്ല: കെ സുരേന്ദ്രൻ

single-img
28 March 2024

രാഹുൽ ജി വലിയ നേതാവൊക്കെയാണെങ്കിലും സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം എത്തുന്നില്ലെന്ന പരിഹാസവുമായി വയനാട് ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യ ക്ഷനുമായ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നിലമ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി സ്ഥാനാർത്ഥി.

വയനാട് ജില്ലയിൽ ൽ കാട്ടന ആക്രമണത്തിൽ യുവതിയുടെ മരണം ദാരുണമായ സംഭവമാണ്. സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തു നിന്നും തുടർച്ചയായി ഉണ്ടാകുന്നത് ഗുരുതരമായ വീഴ്ചയാണ്. വയനാട്ടിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്താണെന്ന് എം പി തിരിഞ്ഞു നോക്കുന്നില്ല. വന്യ മൃഗ ശല്യം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നൽകുന്ന പണം പോലും സംസ്ഥാന സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

വയനാട്ടിൽ തുടർച്ചയായി വന്യ ജീവി ആക്രമണം ഉണ്ടാകുന്നുണ്ട്. എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ സംസ്ഥാനം ഒന്നും ചെയ്യുന്നില്ല. വനം വകുപ്പ് കുത്തഴിഞ്ഞ നിലയിലാണ് പ്രവർത്തിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ ഡൽഹിയിൽ കോൺഗ്രസ് സംയുക്ത റാലി നടത്തി. എക്സാ ലോജിക്കിനെതിരായ കേസിൽ മുഖ്യമന്ത്രിയുടെ മകൾക്ക് നേരെ അന്വേഷണം വരുമ്പോൾ സംയുക്ത റാലി നടത്താൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തയ്യാറാകുമോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

അഴിമതി കേസിൽ ആണ് കേജ്രിവാൾ അറസ്റ്റിലായത്.കേരളത്തിലും അന്വേഷിക്കുന്നത് അഴിമതി കേസാണ്. കേന്ദ്രം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്ന രാഹുലിന്‍റെ ആരോപണം സതീശൻ കേരളത്തിൽ ഏറ്റെടുക്കുമോയെന്നും കേരളത്തിൽ നടക്കുന്ന ഇ ഡി അന്വേഷണങ്ങൾ മറ്റു സംസ്ഥാനങ്ങളിലേത് പോലെ രാഷ്ട്രീയ വേട്ടയാണെന്ന് രാഹുൽ ഗാന്ധി പറയുമോയെന്നും സുരേന്ദ്രൻ ചോദിക്കുന്നു.