ഒരു രാഷ്ട്രീയ സംവിധാനത്തെയും പ്രീതിപ്പെടുത്താനല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്


‘ആരെയും, രു രാഷ്ട്രീയ സംവിധാനത്തെയും പ്രീതിപ്പെടുത്താനല്ല, ഭരണഘടനപരമായ ചുമതലകൾ നിര്‍വ്വഹിക്കുന്നതിന് വേണ്ടിയെന്ന് ഈ പദവിയിലിരിക്കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. കോടതിക്ക് മുന്നിൽ വന്ന സ്ത്രീയുടെയും പുരുഷന്റെയും വിവാഹപ്രായം ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഇങ്ങിനെ പറഞ്ഞത്.
വാദത്തിനിടെ ഉപാധ്യായ കോടതിയില്‍ നടത്തിയ ഒരു പരാമര്‍ശമാണ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ ചീഫ് ജസ്റ്റിസിനെ പ്രേരിപ്പിച്ചത്. ഈ വിഷയത്തിലെ ഹര്‍ജി സുപ്രീം കോടതിയിലേക്ക് മാറ്റിയതിൽ എന്തർത്ഥം എന്നാണ് ഉപാധ്യായ ചോദിച്ചത്. പിന്നാലെ ആവശ്യപ്പെടാതെയുള്ള അഭിപ്രായങ്ങള്‍ ഇവിടെ പറയേണ്ടതില്ല എന്ന് ഉപാധ്യായയോട് ചീഫ് ജസ്റ്റിസ് താക്കീതായി പറഞ്ഞു.
”നിങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. ഞങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് തോന്നുന്ന അഭിപ്രായങ്ങള്‍ ഇവിടെ പറയേണ്ടതില്ല. ഭരണഘടനാ ചുമതല വഹിക്കാനാണ് ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. നിങ്ങളെ പ്രീതിപ്പെടുത്താനല്ല. ഒരു രാഷ്ട്രീയ സംവിധാനത്തെയും പ്രീതിപ്പെടുത്താനല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. അതിനാല്‍ ഞങ്ങളെപ്പറ്റി നിങ്ങള്‍ക്ക് തോന്നുന്ന എല്ലാ അഭിപ്രായവും ഇവിടെ പറയേണ്ടതില്ല. നിങ്ങള്‍ ഒരു അഭിഭാഷകനാണ്. ഇതൊരു രാഷ്ട്രീയ വേദിയല്ല,’ ചന്ദ്രചൂഡ് പറഞ്ഞു.
അതേസമയം, ഈ ഹര്‍ജിയിലെ വിഷയത്തില്‍ അവസാന തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റ് ആണെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ‘മിസ്റ്റര്‍ ഉപാധ്യായ, ആര്‍ട്ടിക്കിള്‍ 32നെ പരിഹസിക്കരുത്. പാര്‍ലമെന്റിനെ ചുമതലപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങളുണ്ട്. അത് പാര്‍ലമെന്റ് തന്നെയാണ് ചെയ്യേണ്ടത്. നിയമനിര്‍മ്മാണം നടത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഞങ്ങൾ മാത്രമല്ല ഭരണഘടനയുടെ സംരക്ഷകർ. പാര്‍ലമെന്റും ഭരണഘടനയുടെ സംരംക്ഷകരാണ്,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.