സിപിഎം വിമുക്ത കേരളം ഞങ്ങൾ ആഗ്രഹിക്കുന്നില്ല: കെസി വേണുഗോപാൽ
വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ ഉന്നയിച്ച വിമർശനങ്ങളെ കാര്യമായി കാണുന്നില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെസി വേണുഗോപാൽ. പ്രതി[പക്ഷ ഇന്ത്യ മുന്നണിയുടെ മര്യാദ പാലിക്കേണ്ടത് കോൺഗ്രസിന്റെ മാത്രം ഉത്തരവാദിത്വമല്ല.
ഒരു മണ്ഡലത്തിൽ മൂന്നര ലക്ഷത്തിലധികം വോട്ടുകൾക്ക് ജയിക്കുമ്പോൾ അവിടെ മത്സരിക്കാൻ കോൺഗ്രസിന് അല്ലാതെ മറ്റാർക്കാണ് അർഹതയെന്ന് അദ്ദേഹം ചോദിച്ചു. ബിനോയ് വിശ്വം ആദ്യം സിപിഐയെ നന്നാക്കട്ടെ. സിപിഎം എന്ന പാർട്ടി ഇല്ലാതാകണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. കോൺഗ്രസ് വിമുക്ത ഭാരതം പോലെ സിപിഐഎം വിമുക്ത കേരളം ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
നിലവിൽ കേരളത്തിൽ സിപിഎമ്മിനെ ബാധിച്ച പ്രശ്നം ഒരാൾക്കു പോലും പാർട്ടിയിൽ തുറന്നു പറയാൻ പറ്റാത്ത സാഹചര്യം എന്നതാണ്. അതുകൊണ്ടാണ് പാർട്ടി അണികൾ സ്വന്തം തീരുമാനവുമായി മുന്നോട്ടു പോകുന്നതെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.