രാജ്‌ഭവനിലെ രാഷ്ട്രീയ നിയമനവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകൾ കൈയിലുണ്ട്: എം വി ഗോവിന്ദൻ


എന്താണ് ആർഎസ്എസ് ആയാൽ കുഴപ്പമെന്ന് ചോദിച്ച വ്യക്തിയാണ് ഇപ്പോൾ തിരിച്ചുപറയുന്നത് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാജ്‌ഭവനിലെ നിയമനവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകൾ കൈയിലുണ്ട് എന്നും എം വി ഗോവിന്ദൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗവർണർ ആർഎസ്എസിന്റെ അജൻഡയാണ് കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഈ ശ്രമം കേരളം അംഗീകരിക്കില്ല. ഭരണഘടനാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഗവർണറുടെ പ്രതികരണം തരംതാഴ്‌ന്ന് മഞ്ഞപത്രങ്ങൾക്ക് സമാനമായി. പ്രതിപക്ഷത്തിന്റെ നിലവാരംപോലും അദ്ദേഹത്തിനില്ല. അദ്ദേഹത്തിന് കേരളം എന്തെന്നോ പാർട്ടി എന്തെന്നോ ഒരു ധാരണയും ഇല്ല. അക്കാദമിക് രംഗത്ത് അഗ്രഗണ്യരായവരാണ് കേരളത്തിലെ വിസിമാർ – എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിസിയായി സർക്കാർ നൽകിയ പേരുകൾ തള്ളി രാജ്ഭവൻ. ഡോ. സിസ തോമസിന് കെടിയു വിസിയുടെ ചുമതല നൽകി രാജ്ഭവൻ ഉത്തരവിറക്കി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ആണ് ഡോ. സിസ തോമസ്.