പരമശിവൻറെ കൈ കോൺഗ്രസിൻറെ കൈ ആണെന്നുള്ള രാഹുലിൻറെ വാക്കുകൾ കേട്ട് ഞങ്ങൾ കുറെയധികം ചിരിച്ചു: കങ്കണ


ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ ഹിന്ദു മതത്തെ അപമാനിച്ച പ്രതിപക്ഷ നേതാവ് രാഹുൽ മാപ്പ് പറയണമെന്ന് ബിജെപി എം.പി കങ്കണ റണാവത്ത്. രാഹുൽ ഗാന്ധിയുടെ ‘ഹിന്ദു പരാമർശ’ത്തിനെതിരെയാണ് കങ്കണയുടെ പ്രതികരണം.
രാഹുൽ പ്രതിപക്ഷ നേതാവായശേഷമുള്ള തൻ്റെ ആദ്യ പ്രസംഗത്തിൽ രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് പറഞ്ഞ രാഹുൽ ആർഎസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളുടേയും പ്രതിനിധീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ അക്രമത്തെക്കുറിച്ചും വെറുപ്പിനെക്കുറിച്ചും അസത്യത്തെക്കുറിച്ചും സംസാരിക്കുന്നെന്ന് രാഹുൽ ആരോപിച്ചിരുന്നു. അതിന്റെ പിന്നാലെയായിരുന്നു പാർലമെൻറിന് പുറത്ത് കങ്കണയുടെ പ്രതികരണം. ” രാഹുൽ ഗാന്ധി നമ്മുടെ എല്ലാ ദൈവങ്ങളെയും ദേവതകളെയും കോൺഗ്രസിൻ്റെ ബ്രാൻഡ് അംബാസഡറാക്കിക്കൊണ്ട് ഒരു നല്ല സ്റ്റാൻഡപ്പ് കോമഡിയാണ് ചെയ്തത്.
പരമശിവൻറെ കൈ കോൺഗ്രസിൻറെ കൈ ആണെന്നുള്ള രാഹുലിൻറെ വാക്കുകൾ കേട്ട് ഞങ്ങൾ കുറെയധികം ചിരിച്ചു. അല്ലാഹുവിന് വേണ്ടി കൈ ഉയർത്തുന്നവരും കോൺഗ്രസിൻ്റെ കൈകളാണെന്ന് അദ്ദേഹം പറഞ്ഞു. രാജാവിൻറെ മകൻ (രാഹുൽ ഗാന്ധി) വരുമ്പോൾ പ്രധാനമന്ത്രി മോദി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നില്ല എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന പരാതി…അത് എങ്ങനെയുള്ള സ്റ്റാൻഡ്അപ്പ് കോമഡിയാണെന്ന് നിങ്ങൾക്ക് മനസ്സിലാകും” കങ്കണ പരിഹസിച്ചു.