മൃഗങ്ങളുടെ മനസ്സ് മനസ്സിലാക്കി വേണം സമീപിക്കാന്‍;പെല്ലറ്റുകള്‍ ശരീരത്തില്‍ ഇരിക്കുന്നതിന്റെ വേദന സഹിക്കാന്‍ കഴിയാതെയാണ് ആന ഉപദ്രവിച്ചത്;ഗണേഷ്‌കുമാര്‍ എംഎല്‍എ

single-img
27 January 2023

കൊല്ലം; മയക്കുവെടിവച്ചു പിടിച്ച കാട്ടാന പിടി സെവന്റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കാമെന്ന് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ.

ശരീരത്തില്‍ തറച്ചിരിക്കുന്ന പെല്ലറ്റിന്റെ വേദനയിലാണ്‌ പിടി സെവന്‍ ആക്രമണസ്വഭാവം കാണിച്ചത്. ഏറ്റവും വിദഗ്ധരായ ഡോക്ടര്‍മാരെക്കൊണ്ട് പരിശോധിച്ച്‌ ചികിത്സ ഉറപ്പാക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ പ്രസിഡന്റായ ആന ഉടമ ഫെഡറേഷന്‍ ചികിത്സ ലഭ്യമാക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.

‘മൃഗങ്ങളുടെ മനസ്സ് മനസ്സിലാക്കി വേണം സമീപിക്കാന്‍. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടായി എന്നത് ശരിയാണ്. ആരോ നാടന്‍ തോക്ക് ഉപയോഗിച്ച്‌ കാട്ടാനയെ വെടിവെച്ചിരിക്കുകയാണ്. ഇത്തരം പെല്ലറ്റുകള്‍ ശരീരത്തില്‍ ഇരിക്കുന്നതിന്റെ വേദന സഹിക്കാന്‍ കഴിയാതെയാണ് ആന ഉപദ്രവിച്ചത്. ‘- അദ്ദേഹം വ്യക്തമാക്കി. പിടി സെവന് നേരെയുണ്ടായത് മനുഷ്യത്വമില്ലാത്ത നടപടിയാണെന്നും ഗണേഷ്കുമാര്‍ പറഞ്ഞു. പിടിസെവന്‍ വഴങ്ങുമെന്നും സര്‍വലക്ഷണവും ഒത്ത ആനയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിടി സെവന്‍ കാട്ടാനയുടെ ശരീരത്തില്‍ നിന്നും 15 ഓളം പെല്ലെറ്റുകളാണ് കണ്ടെത്തിയത്. വനംവകുപ്പ് നടത്തിയ ശരീര പരിശോധനയിലാണ് പെല്ലെറ്റുകള്‍ കണ്ടെത്തിയത്. നാടന്‍ തോക്കുകളില്‍ നിന്നുള്ള വെടിയുണ്ടകളാണ് കണ്ടെത്തിയത്. ആന ഇണങ്ങാത്തതിനാല്‍ വിശദമായ പരിശോധന നടത്താനായിട്ടില്ല. ജനവാസ മേഖലയില്‍ ഇറങ്ങുന്ന ആനയെ തുരത്താന്‍ ആരെങ്കിലും വെടിവെച്ചതാകാമെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്. ഏതാനും പെല്ലറ്റുകള്‍ വനംവകുപ്പ് അധികൃതര്‍ നീക്കം ചെയ്തു. പെല്ലറ്റുകള്‍ തറച്ചതിന്റെ വേദന കൊണ്ടാകാം ആന കൂടുതല്‍ അക്രമാസക്തനാകാന്‍ കാരണമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.