ഞങ്ങൾ കന്നഡ ഭാഷയിൽ മാത്രമേ സംസാരിക്കൂ, എഴുതൂ; പ്രതിജ്ഞ എടുത്ത് ബിജെപി ഭരിക്കുന്ന കർണാടക
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ രാജ്യവ്യാപകമായി ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കിടെ കന്നഡ ഭാഷാ സംരക്ഷണ പ്രതിജ്ഞ എടുത്ത് ബിജെപി നയിക്കുന്ന മുന്നണി ഭരിക്കുന്ന കർണാടക. അടുത്തമാസം 1 നു നടക്കാനിരിക്കുന്ന കന്നഡ രാജ്യോത്സവ (കർണാടക പിറവി) ദിനാഘോഷത്തിന്റെ ഉദ്‌ഘാടനത്തോടഅനുബന്ധിച്ചാണ് നിയമസഭാ മന്ദിരമായ വിധാൻ സൗധക്കു മുന്നിൽ കന്നഡിഗർ പ്രതിജ്ഞ എടുത്തത്.
സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും ഏറ്റു ചൊല്ലി. മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി സമിതി അംഗവുമായ ബിഎസ് യെദ്യുരപ്പയും ചടങ്ങിൽ പങ്കെടുത്തു.
“കന്നഡ നാടിന്റെ മക്കളായ ഞങ്ങൾ കന്നഡ ഭാഷയിൽ മാത്രമേ സംസാരിക്കൂ, കന്നഡയിൽ മാത്രമേ എഴുതൂ, കന്നഡഭാഷയെ ഞങ്ങൾ പരിപോഷിപ്പിക്കും. അന്യ ഭാഷകൾ സംസാരിക്കുന്നവർക്ക് കന്നഡ ഭാഷയുടെ ഗരിമ പറഞ്ഞു കൊടുക്കും അവരെ കന്നഡ ഭാഷ പഠിക്കാൻ സഹായിക്കും ” ഇതായിരുന്നു പ്രതിജ്ഞയിലെ വാചകം .കർണാടകയുടെ സാംസ്‌കാരിക വകുപ്പാണ് കർണാടക പിറവിദിന ആഘോഷങ്ങൽക്കു നേതൃത്വം നൽകുന്നത്. ചടങ്ങിൽ സംസ്ഥാന പതാകയും ഷാളുമണിഞ്ഞു നൂറു കണക്കിന് പേർ പ്രതിജ്ഞ ചൊല്ലി .