ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിൽ മാത്രമേ എതിർപ്പുണ്ടായിരുന്നുള്ളൂ; തരൂരിന് കേരളത്തിലേക്ക് സ്വാഗതം: കെ മുരളീധരൻ
കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ കേരളത്തിലെ രാഷ്ട്രീയത്തിൽ സജീവമാകുന്നതിനെ സ്വാഗതം ചെയ്ത് കെ മുരളീധരൻ. കോൺഗ്രസ് പാർട്ടിയിലെ താഴെ തട്ടിലെ പ്രവർത്തകരിൽ സ്വാധീനമുറപ്പിക്കാൻ ശശി തരൂരിനെ അത് സഹായിക്കുമെന്ന് മുരളീധരൻ പറഞ്ഞു.
നേരത്തെ ശശി തരൂർ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിൽ മാത്രമേ തനിക്ക് എതിർപ്പുണ്ടായിരുന്നുള്ളൂ. കേരളാ രാഷ്ട്രീയത്തിൽ അദ്ദേഹം സജീവമാകുന്നത് നല്ല കാര്യമാണെന്നും മുരളിധരൻ കൂട്ടിച്ചേർത്തു. അതേസമയം, ഈ മാസം 20 ന് കേരളത്തിലെത്തുന്ന ശശി തരൂർ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വിവിധ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്.
ഈ സന്ദർശനത്തിൽ തരൂർ പാണക്കാട് തങ്ങളെയും സന്ദർശിക്കുമെന്നാണ് വിവരം. നവംബർ 22നാണ് ശശി തരൂർ പാണക്കാട് തങ്ങളെ കാണാൻ എത്തുന്നത്. സ്വന്തം നാടായ കേരളത്തിൽ സജീവമാകുന്നതിൽ തനിക്ക് സന്തോഷം മാത്രമേയുള്ളൂ എന്നായിരുന്നു ഇക്കാര്യത്തിലുള്ള തരൂരിന്റെ പ്രതികരണം.