സ്‌കോട്ലാൻഡിനോട് പരാജയം; ഏകദിന ലോകകപ്പിന് യോ​ഗ്യത നേടാതെ വെസ്റ്റ് ഇൻഡീസ്

single-img
1 July 2023

ഇന്ന് നടന്ന നിർണായക മത്സരത്തിൽ സ്‌കോട് ലാൻഡിനോട് പരാജയപ്പെട്ട് ഏകദിന ലോകകപ്പിന് യോ​ഗ്യത നേടാതെ വെസ്റ്റ് ഇൻഡീസ് പുറത്ത്. ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് മുൻ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ് ഏകദിന ലോകകപ്പ് യോ​ഗ്യത നേടാനാകാതെ പുറത്താകുന്നത്.

ഇന്ന് ഹരാരെ സ്പോർട്സ് ക്ലബിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 181 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. 45 റൺസുമായി ജേസൺ ഹോൾഡർ, 36 റൺസെടുത്ത റൊമാരിയോ ഷെഫേർഡ് എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. രണ്ടുപേരും ചേർന്ന ഏഴാം വിക്കറ്റിൽ 77 റൺസ് കൂട്ടിച്ചേർത്തു.

രണ്ടാമതുള്ള ബാറ്റിങ്ങിൽ മാത്യൂ ക്രോസും ബ്രാണ്ടന്‍ മക്‌മല്ലനും സ്കോട്ലാൻ്റിനെ മികച്ച രീതിൽ മുന്നോട്ട് നയിച്ചു. ഇതിൽ മാത്യൂ ക്രോസ് പുറത്താകാതെ 74 റൺസ് നേടി . ബ്രാണ്ടന്‍ മക്‌മല്ലൻ 69 റൺസ് നേടി. 43.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് സ്കോട്ലാൻ്റ് ലക്ഷ്യത്തിലെത്തിയത്. ഇതാദ്യമായാണ് സ്കോട്ലാൻ്റ് വെസ്റ്റ് ഇൻ‍ഡീസിനെ ഏകദിന ക്രിക്കറ്റിൽ തോൽപ്പിക്കുന്നത്.

ലോകകപ്പ് യോ​ഗ്യതാ റൗണ്ടിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും ജയിക്കാൻ വെസ്റ്റ് ഇൻഡീസിന് കഴിഞ്ഞിട്ടില്ല. യോഗ്യത മാത്സര്ങ്ങളിൽ നെതർലാൻ്റിനോടും സിംബാവെയോടും കരീബിയൻ ടീം തോറ്റിരുന്നു.