ഒന്നാം ലാവലിന് എന്ത് സംഭവിച്ചു; അതിന് സതീശൻ മറുപടി പറയട്ടെ: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
27 April 2023

രണ്ടാം എസ്എൻസി ലാവ്‌ലിനാണ് സംസ്ഥാനത്തെ എഐ ക്യാമറ അഴിമതിയെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉയർത്തിയ ആരോപണത്തിന് മറുപടി നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ. എഐ ക്യാമറ ഇടപാട് രണ്ടാം ലാവ്‌ലിനാകണമെങ്കിൽ ഒന്നാം ലാവ്‌ലിൻ എന്തെങ്കിലും ആകണ്ടേ? ഒന്നാം ലാവലിന് എന്ത് സംഭവിച്ചു എന്നതിന് സതീശൻ മറുപടി പറയട്ടെ എന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. എന്നാൽ ഈ കാര്യത്തിൽ സിബിഐ, ഇഡി അന്വേഷണം വേണമെന്ന് പറയാത്തത് എന്തെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പരിഹസിച്ചു. എല്ലാ കരാറും പരിശോധിക്കട്ടെ, ഒന്നും മറച്ചുവയ്ക്കാനില്ല. സിപിഎമ്മിന് അഴിമതി നടത്തേണ്ട ആവശ്യമില്ല. ആരെയും അഴിമതി നടത്താൻ അനുവദിക്കുകയുമില്ലെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

അതേസമയം, എഐ ക്യാമറ കരാർ ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് യു‍ഡിഎഫ് ഉയർത്തുന്ന ആവശ്യം. നിലവിൽ അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണെന്നും സതീശൻ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തിയിരുന്നു.