മണിപ്പുരില്‍ നടക്കുന്നത് ഭീകരവാദമല്ല, വംശീയ സംഘര്‍ഷമാണ്; വാർത്താ സമ്മേളനത്തിൽ പ്രകോപിതനായി അമിത് ഷാ

single-img
17 September 2024

കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ നൂറാം ദിനത്തിൽ, സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂരിൽ തുടരുന്ന കലാപത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

ബിജെപിയുടെ ബിരേൻ സിങ് മുഖ്യമന്ത്രിയായി ഇപ്പോഴും സംസ്ഥാനത്തിൽ തുടരുന്നത് എന്തുകൊണ്ടെന്നു ചോദിച്ചപ്പോൾ ‘നിങ്ങൾക്ക് ചോദിക്കാം, എന്നാൽ തർക്കിക്കേണ്ട’ എന്നായിരുന്നു അമിത് ഷായുടെ മറുപടി.
അവിടെ നടക്കുന്നത് ഭീകരവാദമല്ല, വംശീയ സംഘര്‍ഷമാണ്. സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

കുക്കി, മെയ്‌തെയ് വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി മണിപ്പുരിൽ പോകുമോ എന്ന ചോദ്യത്തിന്, തീരുമാനമുണ്ടായാൽ നിങ്ങളറിയും എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. ഇതോടൊപ്പം, സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനായി കേന്ദ്ര സർക്കാർ ഇരുവിഭാ​ഗങ്ങളുമായി ചർച്ചയിലാണെന്നും അമിത് ഷാ പറഞ്ഞു.

കേന്ദ്രസർക്കാർ വഖഫ് ബില്ലിൽനിന്നു പിന്നോട്ടില്ലെന്നും അത് അധികം വൈകാതെ പാസാക്കുമെന്നും അമിത് ഷാ പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഈ സർക്കാരിന്റെ കാലത്തുതന്നെ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 15 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.