കുന്നംകുളത്തെ ചൈനീസ് പീസ് അനില്‍ ആന്റണിയുടെ പ്രസക്തിയെന്താണ്: രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി . ഒറിജിനല്‍ പീസ് നമ്മുടെ കൈയ്യിലുള്ളപ്പോള്‍ ചൈനീസ് പീസ് എന്തിനാണെന്നായിരുന്നു രാഹുലിന്റെ ചോദ്യം.
‘തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ തന്നെ ആന്റോ ആന്റണി ജയിച്ചു. പത്തനംതിട്ടയില്‍ എത്തി കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാര്‍ത്ഥി പറഞ്ഞത് ഞാന്‍ എ കെ ആന്റണിയുടെ മകനാണ് എന്നാണ്. അതിനാല്‍ എനിക്ക് വോട്ട് ചെയ്യണം എന്നും ആവശ്യപ്പെട്ടു.
എന്നാൽ എ കെ ആന്റണി ഇപ്പുറത്ത് ആന്റോ ആന്റണിക്ക് വേണ്ടി വോട്ട് പിടിക്കുകയാണ്. ഒറിജിനല്‍ ഐറ്റം ആന്റോ ആന്റണിക്ക് വേണ്ടി ഇരിക്കുകയാണ്. അപ്പോള്‍ പിന്നെ കുന്നംകുളത്തെ ചൈനീസ് പീസ് അനില്‍ ആന്റണിയുടെ പ്രസക്തിയെന്താണ്.’ രാഹുല്‍ പത്തനംതിട്ടയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കവേ ചോദിച്ചു.
ഇതോടൊപ്പം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോമസ് ഐസകിനെയും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. ‘കഴിഞ്ഞ ദിവസം ഞാന്‍ സിംഗപ്പൂരിലായിരുന്നു. നിങ്ങള്‍ കരുതും സിംഗപ്പൂരില്‍ പോയെന്ന്. ആലപ്പുഴ നഗരത്തിന്റെ ഇപ്പോഴത്തെ പേര് സിംഗപ്പൂര്‍ എന്നാണ്. 2016 ല്‍ തോമസ് ഐസക് ധനകാര്യമന്ത്രിയായപ്പോള്‍ പറഞ്ഞത് അഞ്ച് കൊല്ലം കൊണ്ട് ആലപ്പുഴ നഗരത്തെ സിംഗപ്പൂര്‍ ആക്കും എന്നാണ്.
അവിടെ ചെന്നിട്ടു വല്ലതും കാണാനുണ്ടോ. 87 കിലോയ്ക്ക് കോഴിയിറച്ചി കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തയാള്‍ക്ക് അത് പോലും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് കേരളം അനുഭവിക്കുന്ന മുഴുവന്‍ സാമ്പത്തികപ്രശ്‌നത്തിന്റെയും ഒന്നാമത്തെ കാരണക്കാരന്‍ തോമസ് ഐസക് ആണ്.’ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.