2024-ന് ശേഷമുള്ള നമ്മുടെ ഈ ജനാധിപത്യ രാജ്യത്തിന്റെ ജീവിതമെങ്ങനെയായിരിക്കും? ; എക്സിറ്റ് പോളുകൾ പറയുന്നത്
| ശ്രീജിത്ത് ദിവാകരൻ
2024-ന് ശേഷമുള്ള നമ്മുടെ/ ഈ ജനാധിപത്യ രാജ്യത്തിന്റെ ജീവിതമെങ്ങനെയായിരിക്കും എന്നതിന്റെ ആദ്യ സൂചനകളാണ് ഈ എക്‌സിറ്റ് പോളുകളിൽ നിന്നറിയുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലുങ്കാന, മിസോറാം സംസ്ഥാനങ്ങളിൽ നിന്നുള്ള എക്‌സിറ്റ് പോളുകൾ ഒരു തരത്തിൽ ഇന്ററസ്റ്റിങ് ആണ്. ഒരിടത്തും ബി.ജെ.പി ഈസിയായി ജയിക്കുമെന്ന് ആരും പറയുന്നില്ല. ബി.ജെ.പി അധികാരത്തിൽ വന്നതിന് ശേഷം അവർ ശക്തമായിരുന്ന ഒരിടത്തും അവരുടെ എതിരാളികൾ രണ്ട് വട്ടം അധികാരത്തിൽ വന്നിട്ടില്ല എന്ന് തോന്നുന്നു. ആ രീതിയിൽ ഛത്തീസ്ഗഢും രാജസ്ഥാനും അവർ എളുപ്പത്തിൽ ജയിക്കേണ്ടതാണ്. മധ്യപ്രദേശിൽ ഭരണം നിലനിർത്തേണ്ടതാണ്. പക്ഷേ അങ്ങനെയല്ല സംഭവിക്കുന്നത്.
ചുരുങ്ങിയ പക്ഷം ഛത്തീസ്ഗഢിൽ കോൺഗ്രസ് എളുപ്പത്തിൽ അധികാരത്തിലെത്തും. തെലുങ്കാനയിലും കോൺഗ്രസ് തന്നെ അധികാരത്തിലെത്തുമെന്നാണ് കരുതുന്നത്. തെലുങ്കാനയിൽ ബി.ജെ.പി ആഗ്രഹിക്കുന്നത് അവർക്ക് നാലഞ്ച് സീറ്റും തൂക്ക് സഭയുമാണ്. അങ്ങനെയാണെങ്കിൽ തെലുങ്കാനയിൽ ഭരണം മാത്രമല്ല, ദേശീയാടിസ്ഥാനത്തിൽ എൻ.ഡി.എയിൽ ബി(ടി).ആർ.എസ് എന്ന ശക്തമായ പാർട്ടിയെ കൂടിയാകും അവർക്ക് ലഭിക്കുക. ആ പ്രതീക്ഷ തകർത്ത് കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയാൽ പല തരത്തിലും നല്ലതാണ്.
മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയില്ലെങ്കിൽ അതൊരു ദുസൂചനയാണ്. മാസങ്ങൾക്ക് മുമ്പേ അത്യുഗ്രൻ പ്രചരണം നടത്തിയിരുന്നതാണ്. ജ്യോതിരാദിത്യസിന്ധ്യ പോയതിന് ശേഷം മധ്യപ്രദേശിൽ ശരിക്കും കോൺഗ്രസിന് നല്ല കാലമാണ്; പ്രത്യേകിച്ചും മല്ലികാർജ്ജുന ഖാർഗെ പാർട്ടി അധ്യക്ഷനായതിന് ശേഷം. കമൽനാഥും ദ്വിഗ്‌വിജയ്‌സിങ്ങും നന്നായി ഗ്രൗണ്ടിൽ പണിയെടുത്തിട്ടുണ്ട്. പക്ഷേ വർഗ്ഗീയതയുടെ അയ്യരുകളിയായിരുന്നു ബി.ജെ.പിയുടെ ഭാഗത്ത് നിന്നുണ്ടായത്. ആന്റി മുസ്ലീം, ഹേറ്റ് കാമ്പയിനുകൾ പ്രചരിച്ചിരുന്നു. ഒപ്പത്തിനൊപ്പം നിന്നാണ് കോൺഗ്രസ് പിടിച്ച് നിന്നത്. പക്ഷേ, മാമാജി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ശിവരാജ്‌സിങ്ങിന് ഇപ്പോഴും അവിടെ പോപുലാരിറ്റി ഉണ്ടെന്നാണ് സർവ്വേകളും പോളുകളും പറയുന്നത്.
അതുകൊണ്ട് കോൺഗ്രസ് പ്രതീക്ഷിക്കുന്നത് പോലെ സുവ്യക്തമായ ഒരു വിജയം അവിടെ അവർക്കുണ്ടാകുന്നില്ലെങ്കിൽ ഗുജറാത്ത്, യു.പി. എന്നീ പരീക്ഷണങ്ങൾക്ക് ശേഷം ഹിന്ദുത്വയുടെ ഏറ്റവും വലിയ വിജയഭൂമിയായി മധ്യപ്രദേശ് മാറും. ഗുജറാത്തിലേയും യു.പിയിലേയും പോലെ തന്നെ നിർണായക മുസ്ലീം ജനസംഖ്യയുള്ള സംസ്ഥാനം കൂടിയാണ് മധ്യപ്രദേശ് എന്നാലോചിക്കണം. അവിടെ ബി.ജെ.പി തോൽക്കുക എന്നത് നമ്മുടെ നാടിന്റെ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് പ്രധാനമാണ്.
രാജസ്ഥാനിൽ കോൺഗ്രസ് തിരിച്ച് വരുമെന്നാണ് എന്റെ പ്രതീക്ഷ. മിസോറാമിൽ ബി.ജെ.പിയുടെ ഒരു എം.എൽ.എ സ്ഥാനം ഇത്തവണ പോകുമെന്നും. സൊറോം വിഭാഗം അവിടെ അധികാരത്തിൽ വരട്ടെ. മണിപ്പൂരിലെ കുക്കി വിഭാഗവുമായി ഏറ്റവും ഐക്യപ്പെട്ട് നിൽക്കുന്ന രാഷ്ട്രീയപാർട്ടിയാണവർ.
ഇവിടെയൊക്കെ 2024-ൽ ബി.ജെ.പി ജയിക്കില്ലേ, അവർ അധികാരത്തിൽ വരില്ലേ? പിന്നെ ഇതിലൊക്കെ എന്ത് പ്രസക്തി എന്ന് ചോദിക്കരുത്. സംസ്ഥാനങ്ങൾ പിടിച്ചെടുത്താണ് ഡൽഹി വളയേണ്ടത്.
പ്രാക്ടിക്കലായി പറഞ്ഞാൽ രാജ്യസഭയാണ് ഇനിയുള്ള കാലത്ത് പ്രധാനം. രാജ്യസഭയിൽ പ്രതിപക്ഷം വർദ്ധിക്കുന്നിടത്തോളം ജനാധിപത്യം അതിന്റെ നാമമാത്രമായ പ്രാക്ടിക്കൽ പവറിലെങ്കിലും നിലനിൽക്കും. അവർ പേരുമാറ്റും ലോഗോ മാറ്റും, രാജ്യത്തിന്റെ ചിഹ്നത്തിന് പകരം അശ്വനി ദേവര് വന്ന് ലോഗോയിലിരിക്കും. പക്ഷേ നമ്മളെ പൂർണ്ണമായി റദ്ദാക്കാൻ കഴിയില്ല, രാജ്യസഭകളും സംസ്ഥാനങ്ങളും പ്രതിപക്ഷത്തുണ്ടെങ്കിൽ. രണ്ട് ദിവസം കഴിഞ്ഞ് റിസൾട്ട് വരുന്നത് വരെ മനസമാധാനത്തിന് ചില ശുഭപ്രതീക്ഷകൾ വേണം. അതാണിത്.
( കടപ്പാട് – സോഷ്യൽ മീഡിയാ പോസ്റ്റ് )