കേരളം വെന്തുരുകുമ്പോൾ മുഖ്യമന്ത്രി കുടുംബവുമായി ബീച്ച് ടൂറിസത്തിന് പോകുന്നു: വി മുരളീധരന്‍

single-img
7 May 2024

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. റോം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ പോലെയാണ് മുഖ്യമന്ത്രിയെന്നും കേരളം വെയിലത്ത് വെന്തുരുകുമ്പോളാണ് മുഖ്യമന്ത്രി കുടുംബവുമായി ബീച്ച് ടൂറിസത്തിന് പോകുന്നതെന്ന് വി മുരളീധരന്‍ പരിഹസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻറെ യാത്ര സ്‌പോണ്‍സര്‍ ചെയ്തത് ആരാണെന്ന് വ്യക്തമാക്കണം. സ്‌പോണ്‍സര്‍ ഇല്ലാതെ എങ്ങനെയാണ് മുഖ്യമന്ത്രി വിദേശ യാത്ര പോകുന്നത്? അങ്ങനെയല്ലെങ്കിൽ ഇതിനുള്ള വരുമാനം എവിടെ നിന്നെന്ന് പറയണം. മുഖ്യമന്ത്രിയോ പാര്‍ട്ടിയോ ഇത് വ്യക്തമാക്കണം.

മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് അനുമതി നിഷേധിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് അവകാശം ഇല്ല. അതേസമയം മാസപ്പടി വിവാദത്തില്‍ കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കുന്ന രീതിയാണ് വി ഡി സതീശന്‍ ചെയ്തതെന്നായിരുന്നു വി മുരളീധരന്റെ പ്രതികരണം.

കോൺഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ സതീശന്‍ ചിലത് മനസില്‍ കണ്ടിരുന്നു. സഹകരണാത്മത പ്രതിപക്ഷത്തിന്റെ അഡ്ജസ്റ്റ്‌മെന്റ് നീക്കമാണ് മാസപ്പടിയില്‍ കണ്ടത്. തെളിവില്ലാതെ കോടതിയില്‍ പോയി. ഹര്‍ജി തള്ളിയതിലൂടെ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് വാങ്ങി നല്‍കിയെന്നും വി മുരളീധരന്‍ ആരോപിച്ചു.