തൃശൂരിൽ താമര വിരിഞ്ഞപ്പോൾ സുനിൽ കുമാറിൻ്റെ ചെവിയിൽ ചെമ്പരത്തിപ്പൂ വിരിഞ്ഞു: കെ സുരേന്ദ്രൻ
ഇടതുപക്ഷത്തിന്റെ പി വി അൻവര്‍ എംഎല്‍എ ഉയർത്തിയിട്ടുള്ള ആരോപണങ്ങള്‍ ഗൗരവതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും ചേര്‍ന്ന് അൻവറും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കേണ്ടതല്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ ഡൽഹിയിൽ പറഞ്ഞു.
ഈ വിഷയം കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ മുഖ്യമന്ത്രി തയറാകണം. സിപിഎം കേന്ദ്ര നേതൃത്വത്തിൻ്റെ നിഗൂഢ മൗനമാണ്. ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം. സിപിഎമ്മിലെ കേന്ദ്ര നേതൃത്വത്തിന്‍റെ കണ്ണും കാതും അടഞ്ഞുപോയോ? കേരളത്തിലെ ജനങ്ങളെയാകെ ബാധിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് പിവി അന്‍വര്‍ പരസ്യമായി ഉന്നയിച്ചത്.
സിപിഐ നേതാവ് ബിനോയ് വിശ്വത്തിൻ്റെ നട്ടെല്ല് വാഴപ്പിണ്ടിയായി മാറി,.അന്വേഷണം ആവശ്യപ്പെടാൻ കാനം രാജേന്ദ്രന് ധൈര്യം ഉണ്ടായിരുന്നു.പിവി അന്‍വറിന്‍റെ ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികൾ വിഷയം പരിശോധിക്കുന്നുണ്ട്.ആരോപണ വിധേയരായവരെ താക്കോല്‍ സ്ഥാനങ്ങളിരുത്തി നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് അൻവര്‍ പറയുന്നുണ്ടെങ്കില്‍ അന്‍വറിന് മറ്റെന്തെങ്കിലും കാര്യം സാധിക്കാനുണ്ടെന്ന് കരുതേണ്ടിവരുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
തൃശൂര്‍ പൂരം കലക്കിയത് ബിജെപിയാണെന്ന വിഎസ് സുനില്‍കുമാറിന്‍റെ മറുപടിയും കെ സുരേന്ദ്രൻ തള്ളി. തൃശൂരിൽ താമര വിരിഞ്ഞപ്പോൾ സുനിൽ കുമാറിൻ്റെ ചെവിയിൽ ചെമ്പരത്തിപ്പൂ വിരിഞ്ഞു.തോൽവി ഇതുവരെ അംഗീകരിക്കാൻ സുനിൽ കുമാർ തയാറല്ല. ഇത്ര ഗുരുതരമായ ആരോപണം ഉയർന്നിട്ടും അന്വേഷണം ആവശ്യപ്പെടാൻ സിപിഐ തയറാകണമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.