അമ്പലത്തിലായാലും പള്ളിയിലായാലും നേര്‍ച്ച നേരും; എനിക്ക് അംബാനിയെ പോലെ നേരാന്‍ ഒക്കത്തില്ലല്ലോ: സുരേഷ് ഗോപി

single-img
26 March 2024

സ്വർണ്ണ കിരീട വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ സംസാരിക്കാന്‍ അവസരം തരാതെ തനിക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

തൃശൂർ ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപി നല്‍കിയത് ചെമ്പില്‍ സ്വര്‍ണ്ണം പൂശിയ കിരീടമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കിരീടത്തിലെ സ്വര്‍ണത്തിന്റെ തൂക്കം അറിയാന്‍ അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആമ്പല്ലൂര്‍ സെന്ററില്‍ സംഘടിപ്പിച്ച എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

‘ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും സംസാരിക്കാന്‍ അവസരം തരാതെ അവരുടെ തന്നെ ചെപ്പടി വാക്കുകള്‍ പ്രയോഗിക്കുകയാണ്. ചെമ്പിന്റെ അളവ് എത്ര? സ്വര്‍ണ്ണത്തിന്റെ അളവെത്ര? അതിലൊക്കെ എന്ത് കാര്യം. അമ്പലത്തിലായാലും പള്ളിയിലായാലും നേര്‍ച്ച നേരും. എനിക്ക് അംബാനിയെ പോലെ നേരാന്‍ ഒക്കത്തില്ലല്ലോ. എന്റെ അച്ഛന്‍ ധീരുഭായ് അംബാനിയല്ല. ഞാനൊരിക്കലും അനില്‍ അംബാനിയോ മുകേഷ് അംബാനിയോ ആകില്ല. എന്റെ വളര്‍ച്ചയുടെ മേല്‍ത്തട്ട് എനിക്കറിയാം.

എനിക്ക് നല്‍കാനാവുന്നത് എന്റെ ഹൃദയപരമായ ആരാധനാ പെരുമാറ്റത്തില്‍ അത് അറിയിക്കേണ്ട പുരോഹിത മുഖ്യനെ അക്ഷരം പ്രതി വടിവൊത്ത മലയാളത്തില്‍ പറഞ്ഞുമനസ്സിലാക്കി അതിന് മേലെ മാതാവിന് നേര്‍ന്നിട്ടുണ്ട്. അതില്‍ അന്തങ്ങള്‍ക്കും കൃമി കീടങ്ങള്‍ക്കും എന്താണ് കാര്യം. എനിക്ക് മനസ്സിലാവുന്നില്ല. പ്രതിലോമമാണോ പ്രതിരോമമാണോയെന്നത് പരിശോധിക്കുന്നത് നന്നാവും.’ സുരേഷ് ഗോപി പറഞ്ഞു.