ഇന്ത്യക്കെതിരെ സംസാരിക്കുന്നവരെ വെടിവച്ചുകൊല്ലും: ബിജെപി എംഎൽഎ

single-img
2 May 2023

ഹിന്ദുക്കൾക്കെതിരെ‌യും ഇന്ത്യയ്‌ക്കെതിരെയും സംസാരിക്കുന്നവരെ വെടിവച്ചുകൊല്ലുമെന്ന വിവാദ പ്രസ്താവനയുമായി കർണാടകയിൽ നിന്നുള്ള ബിജെപി എംഎൽഎ ബസവനഗൗഡ പാട്ടീൽ യത്നാൽ. കർണാടകയിൽ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയാൽ യുപിയിലെ യോ​ഗി ആദിത്യനാഥ് സർക്കാരിന്റെ മാതൃകയിൽ ഭരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വിജയപുരയിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് ഈ വിവാദ പ്രസ്താവന നടത്തിയത്. കുറ്റവാളികളോടുള്ള യുപിയിലെ യോഗി സർക്കാരിന്റെ സമീപനത്തെക്കുറിച്ചും സൂചിപ്പിച്ചായിരുന്നു ബസവനഗൗഡയുടെ പ്രസം​ഗം. പ്രസം​ഗത്തിന്റെ ഈ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയായിരുന്നു.

കൈ കൊണ്ട് തോക്ക് പിടിക്കുന്നപോലെ ആം​ഗ്യം കാണിച്ചായിരുന്നു ബസവനഗൗഡയുടെ പരാമർശം. “ഇന്ത്യക്കെതിരെ സംസാരിക്കുന്നവരെ വെടിവച്ചുകൊല്ലും. അങ്ങനെയുള്ളവരെ ജയിലിലേക്ക് വിടാനൊന്നും പോകുന്നില്ല, റോഡിൽ വച്ച് തന്നെ കാര്യങ്ങൾക്ക് തീരുമാനമാക്കും”. ബസവനഗൗഡ പറഞ്ഞു.