കോണ്ഗ്രസിനെ നയിക്കാൻ ആര്; അധ്യക്ഷ സ്ഥാനത്തേക്ക് ആരെത്തുമെന്ന് ഒക്ടോബറില്‍ അറിയാം
ദില്ലി : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ആരെത്തുമെന്ന് ഒക്ടോബറില്‍ അറിയാം.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17 ന് നടത്താന്‍ തീരുമാനമായി. കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടെങ്കില്‍ ഒക്ടോബര്‍ 8 ന് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. 16 ആം തിയ്യതി വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണം നടത്താം. വോട്ടെണ്ണല്‍ ആവശ്യമെങ്കില്‍ 19 ന് നടത്താനാണ് തീരുമാനം. നേരത്തെ സപ്തംബര്‍ 20 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. വിദേശത്തുള്ള സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ വിര്‍ച്വലായി ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് തെരഞ്ഞെടുപ്പ് തിയ്യതി നീട്ടി വെക്കാന്‍ തീരുമാനമായത്.
സോണിയാഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരും വിദേശത്ത് നിന്നും യോഗത്തില്‍ ചേര്‍ന്നു. മറ്റ് ജനറല്‍ സെക്രട്ടറിമാര്‍, എഐസിസി ആസ്ഥാനത്ത് വെച്ചാണ് യോഗത്തില്‍ പങ്കെടുത്തത്. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഗുലാംനബി ആസാദ് പാര്‍ട്ടി വിട്ട ശേഷം ചേര്‍ന്ന യോഗം വെറും പതിനഞ്ച് മിനിറ്റ് മാത്രമാണുണ്ടായത്. ഗുലാംനബി ആസാദിന്റെ രാജിയോ രാഹുലിനെതിരായി ആസാദ് അയച്ച കത്തോ യോഗത്തില്‍ ചര്‍ച്ചക്ക് വന്നിട്ടില്ല. ഗാന്ധി കുടുംബം പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമോ എന്നതും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തിട്ടില്ല. രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനാകണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖര്‍ഗെ യോഗത്തിനു മുന്നോടിയായി ആവശ്യപ്പെട്ടിരുന്നു. എന്നാലിതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
എന്നാല്‍ അതേ സമയം, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധി ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിട്ടുണ്ട്. ഒന്നുകില്‍ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അധ്യക്ഷ സ്ഥാനത്തേക്ക് വരണം. എന്നാല്‍ രാഹുല്‍ താല്‍പര്യം വ്യക്തമാക്കിയിട്ടില്ല. അടുത്ത വഴി എന്ന നിലയില്‍ പ്രിയങ്ക ഗാന്ധിയെ പരിഗണിച്ചെങ്കിലും രാഹുല്‍ ഇല്ലെങ്കില്‍ താനുമില്ലെന്ന നിലപാടാണ് പ്രിയങ്ക സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഗെഹ്ലോട്ടിനെ പരിഗണിക്കാനുള്ള സാധ്യതകള്‍ സോണിയ ആരാഞ്ഞതെന്നാണ് വിവരം. എന്നാല്‍ ഹൈക്കമാന്‍ഡ് നല്‍കിയ രാജസ്ഥാന്റെ ചുമതലകള്‍ താന്‍ നിര്‍വഹിക്കുന്നുണ്ടെന്നും അധ്യക്ഷ സ്ഥാനത്തേക്കെന്ന രീതിയിലെ പ്രചാരണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ഗെഹ്ലോട്ട് പ്രതികരിച്ചത്. ഇതോടൊപ്പം നയിക്കാന്‍ രാഹുല്‍ തന്നെ വരണമെന്ന ആവശ്യവും ഗെഹ്ലോട്ട് മുന്നോട്ട് വെക്കുന്നു.