കങ്കുവയെ എന്തിന് ഇത്രയേറെ വിമർശിക്കുന്നു; അരമണിക്കൂറിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്: ജ്യോതിക

single-img
17 November 2024

സൂര്യ ചിത്രം കങ്കുവയ്ക്കെതിരെ വരുന്ന റിവ്യൂസിൽ പ്രതികരിച്ച് ജ്യോതിക. ചിത്രത്തിനെ എന്തിന് ഇത്രയേറെ വിമർശിക്കുന്നു എന്നാണ് നടി ചോദിക്കുന്നത്. സിനിമയുടെ അരമണിക്കൂറിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ അതിന് ശേഷം സിനിമ ഒരു മികച്ച ദൃശ്യാനുഭവം തന്നെയാണ് നൽകുന്നത് എന്ന് നടി അഭിപ്രായപ്പെട്ടു.

സിനിമയ്‌ക്കെതിരെ മാധ്യമങ്ങളിൽ നിന്നു വലിയ തോതിൽ റെഗെറ്റീവ് റിവ്യൂ വരുന്നു. തീർത്തും ബുദ്ധിശൂന്യമായ സിനിമകൾ മുമ്പ് വന്നിട്ടുണ്ട്, എന്നാൽ ആ സിനിമകളെയൊന്നും ആരും ഇത്തരത്തിൽ വിമർശിച്ചിട്ടില്ല എന്ന് നടി അഭിപ്രായപ്പെട്ടു. സൂര്യയുടെ ഭാര്യ എന്ന നിലയിലല്ല, മറിച്ച് ഒരു സിനിമാപ്രേമി എന്ന നിലയിലാണ് താൻ ഈ കുറിപ്പ് എഴുതുന്നത് എന്നും ജ്യോതിക വ്യക്തമാക്കി.

‘ജ്യോതിക എന്ന നിലയിലും ഒരു സിനിമാപ്രേമി എന്ന നിലയിലുമാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. സൂര്യയുടെ ഭാര്യ എന്ന നിലയിലല്ല. കങ്കുവ എന്നത് ഒരു ദൃശ്യവിരുന്നാണ്. സൂര്യ എന്ന നടനെയോർത്തും സിനിമയെ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം സ്വീകരിക്കുന്ന ധൈര്യത്തെയോർത്തും അഭിമാനിക്കുന്നു. തീർച്ചയായും ആദ്യത്തെ അര മണിക്കൂർ വർക്കായില്ല, ശബ്‌ദം അലട്ടിയിരുന്നു! മിക്ക ഇന്ത്യൻ സിനിമകളിലും പോരായ്മകൾ ഉണ്ടാകാറുണ്ട്, പ്രത്യേകിച്ച് ഇത്തരത്തിലുള്ള ഒരു വലിയ തോതിൽ പരീക്ഷണം നടത്തുമ്പോൾ. ഇത് മൂന്ന് മണിക്കൂർ സിനിമയിലെ ആദ്യ 1/2 മണിക്കൂർ മാത്രമാണ്,’

‘സത്യമായും പറയുകയാണ് ഇതൊരു ഗംഭീര സിനിമാറ്റിക് എക്സ്പീരിയൻസാണ്! തമിഴ് സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ക്യാമറാ വർക്കുകളും എക്‌സിക്യൂഷനുമെല്ലാം മികച്ചു നിന്നു. മാധ്യമങ്ങളിൽ നിന്നും മറ്റുചിലരിൽ നിന്നുമുള്ള നെഗറ്റീവ് റിവ്യൂസ് എന്നെ അത്ഭുതപ്പെടുത്തുന്നു. കാരണം ഞാൻ മുമ്പ് കണ്ടിട്ടുള്ള ഏറ്റവും ബുദ്ധിശൂന്യമായ ബിഗ് ബജറ്റ് സിനിമകൾക്ക് മാധ്യമങ്ങളിൽ നിന്നും ഇത്തരമൊരു പ്രതികരണമായുണ്ടായില്ല,’

‘കങ്കുവയുടെ പോസിറ്റീവ് വശങ്ങൾ എവിടെ? രണ്ടാം പകുതിയിലെ സ്ത്രീകളുടെ ആക്ഷൻ സീക്വൻസും കങ്കുവയോടുള്ള പയ്യന്റെ സ്നേഹവും വഞ്ചനയും? അവലോകനം ചെയ്യുമ്പോൾ നല്ല ഭാഗങ്ങൾ അവർ മറന്നുപോയതായി ഞാൻ കരുതുന്നു. ഇത്തരം റിവ്യൂസ് വിശ്വസിക്കണോ എന്ന് ഇപ്പോൾ ചോദിച്ചു പോകുന്നു! ത്രീഡി സൃഷ്ടിക്കാൻ ടീം എടുത്ത പ്രയത്നത്തിന് യഥാർത്ഥത്തിൽ കയ്യടി അർഹിക്കുമ്പോൾ, ആദ്യ ഷോ തീരുന്നതിന് മുമ്പ് തന്നെ കങ്കുവയ്ക്കെതിരെ ഇത്രയും നെഗറ്റീവ് റിവ്യൂ വന്നത് സങ്കടകരമാണ്. അഭിമാനിക്കൂ കങ്കുവ ടീം, ഈ നെഗറ്റീവ് കമന്റുകൾ പറയുന്നവർക്ക് അത് മാത്രമേ ചെയ്യാൻ കഴിയൂ. അല്ലാതെ സിനിമയെ ഉയർത്താൻ അവർക്ക് മറ്റൊന്നും ചെയ്യാൻ കഴിയില്ല,’ . ജ്യോതിക കുറിച്ചു.