എന്തുകൊണ്ടാണ് കേരളത്തിന് സ്മാർട്ട് കാർഡ് ആർസിയും ലൈസൻസും നൽകാൻ സാധിക്കാത്തത്; മന്ത്രി ആന്റണി രാജുവിന്റെ വാക്കുകൾ
മണിപ്പൂരിൽ ട്രിപ്പിന് പോയപ്പോൾ ഇടയ്ക്ക് ഒരു വാഹന പരിശോധക സംഘത്തിന് മുന്നിൽ ആർസി ബുക്ക് കാണിച്ചതോടെ നാണം കെട്ടുപോയ അനുഭവം അടുത്തിടെയായിരുന്നു പ്രമുഖനായ വ്‌ളോഗർ പങ്കുവച്ചത്. സംഭവം വലിയ ചർച്ചയാകുകയും വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു. മണിപ്പൂരിൽ ആർസി ബുക്ക് ഡിജിറ്റൽ രേഖയാണെന്ന് കമാൻഡോ സംഘം അറിയിച്ചപ്പോൾ കേരള മോട്ടോർ വാഹന വകുപ്പിനെയോർത്ത് അപമാനത്താൽ തലകുനിച്ചുവെന്നാണ് വ്ലോഗർ പറഞ്ഞിരുന്നത്.
എന്നാൽ വാസ്തവം എന്താണ്? എന്തുകൊണ്ടാണ് സ്മാർട്ട് കാർഡ് ആർസി ബുക്കും ലൈസൻസും കേരളത്തിന് നൽകാൻ സാധിക്കാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ. അതിന്റെ പിന്നിലെ കാര്യം വെളിപ്പെടുത്തി സംസാരിക്കുന്ന സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.
രാജ്യത്ത് തന്നെ ആദ്യമായി ഡ്രൈവിംഗ് ലൈസൻസിന് സ്മാർട്ട് കാർഡ് ഏർപ്പെടുത്താൻ ആലോചിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്ത സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറയുന്നു. അതിന്റെ ടെൻഡർ നടപടികൾ പൂർത്തിയാകുമ്പോൾ ടെൻഡർ ലഭിക്കാതെ പോയ ഒരു കാരാറുകാരൻ ഹൈക്കോടതിയിൽ നൽകിയ കേസിൽ ഹൈക്കോടതി പുറപ്പെടുവിച്ച സ്റ്റേ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടികൾ നിന്നുപോയത്. ഇക്കാര്യം ഇപ്പോൾ മാധ്യമങ്ങൾ മറന്നതായും മന്ത്രി കുറ്റപ്പെടുത്തുന്നു.
അനാവശ്യമായ ആരോപണത്തിന് വിധേയമാകുകയാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പെന്നും സ്റ്റേ നീക്കിക്കിട്ടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണെന്നും മന്ത്രി വെളിപ്പെടുത്തുന്നു.