എന്തുകൊണ്ട് ഇത്രയും കാലം സര്‍ക്കാര്‍ ഹേമ കമ്മീഷൻ റിപ്പോര്‍ട്ടിൽ മൗനം പാലിച്ചു; വിമർശനവുമായി ഹൈക്കോടതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കേരളാ ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനായുള്ള പ്രത്യേക ഡിവിഷൻ ബെഞ്ചിന്‍റെ ആദ്യ സിറ്റിങിലാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. എന്തുകൊണ്ട് ഇത്രയും കാലം സംസ്ഥാന സര്‍ക്കാര്‍ ഹേമ കമ്മീഷൻ റിപ്പോര്‍ട്ടിൽ മൗനം പാലിച്ചുവെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു.
ആദ്യം പ്രത്യേക അന്വേഷണ സംഘത്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം കൈമാറേണ്ടതെന്നും അതിനുശേഷമെ മുദ്രവെച്ച കവറിലുള്ള പൂര്‍ണ റിപ്പോര്‍ട്ട് തങ്ങള്‍ തുറക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ നടപടിയെടുത്തോയെന്നത് അടുത്ത സിറ്റിങിൽ പരിശോധിക്കുമെന്നും എസ്‍ഐടി തിരക്കിട്ട് നടപടികളിലേക്ക് കടക്കരുതെന്നും ഓഡിയോ സന്ദേശങ്ങള്‍ റിപ്പോര്‍ട്ടിന്‍റെ ഭാഗമാണെങ്കില്‍ അത് ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ അപ്പീൽ ഹർജിക്ക് നിലവിൽ പ്രസക്തിയില്ലെന്ന് എ ജി ഹൈക്കോടതിയെ അറിയിച്ചു. പക്ഷെ ഹർജിയിൽ ഉന്നയിച്ച നിയമ വശങ്ങൾ പരിശോധിക്കപ്പെടേണ്ടതല്ലെ എന്ന് കോടതി തിരിച്ചു ചോദിച്ചു.രഹസ്യസ്വഭാവമുള്ളവ പ്രസിദ്ധീകരിക്കാൻ വിവരാവകാശ കമ്മീഷനാകുമോയെന്നും കോടതി ചോദിച്ചു.
ഐസിസി നടപ്പാക്കാത്ത സിനിമ യൂണിറ്റുകള്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷനും ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കുക, അന്വേഷണം സിബിഐക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുളള വിവിധ ഹർജികളാണ് പ്രത്യേക ബെഞ്ചിന് മുന്നിലുളളത്.