അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇന്നും നാളെയും സംസ്ഥാനത്ത് വ്യാപകമായും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ട് മാറി സ്ഥിതി ചെയുന്നു. ഇതേ തുടര്‍ന്ന് അടുത്ത മൂന്ന്, നാല് ദിവസം കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
തെക്ക് ഒഡിഷ-വടക്ക് ആന്ധ്രാ തീരത്തിന് സമീപത്ത് വടക്ക് പടിഞ്ഞാറന്‍ -മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്തിരുന്ന ‘ശക്തി കൂടിയ ന്യുന മര്‍ദ്ദം’ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി തെക്ക് ഒഡിഷ തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്നു. ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി കുറയാനാണ് സാധ്യത. ഇതിന്റെ ഫലമായാണ് വ്യാപക മഴ പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.