സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വരും മണിക്കൂറിൽ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ചയും (02-07-2023) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തിങ്കളാഴ്ചയും (03-07-2023) യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ തുടരുകയാണ്. പല ജില്ലകളിൽ ഒറ്റപ്പെട്ട തോതിൽ ശക്തമായ മഴ ലഭിച്ചു. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 2.5 മുതൽ 2.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 46 cm നും 66 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.8 മുതൽ 2.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 05 cm നും 55 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.