വന്യജീവി ആക്രമണം; പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് മന്ത്രി പി രാജീവ്‌

single-img
4 March 2024

ജനവാസ മേഖലയിൽ വന്യജീവിസംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌. നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ വായോധിക കൊല്ലപ്പെട്ട സംഭവത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തിൽ ഉടൻ തുടർനടപടി സ്വീകരിക്കും. നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കും. സ്ഥലത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും. കളക്ടറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. പോലീസിന്റെ നടപടിക്രമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ അംഗീകരിക്കാനാകില്ല. കാര്യങ്ങൾ പക്വമായി കൈകാര്യം ചെയ്യണം.

വന്യജീവി അക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിപുലമായ യോഗങ്ങൾ ചേരുന്നുണ്ട്. സ്ഥലത്ത് മന്ത്രിതല സമിതി സന്ദർശിക്കുമെന്നും ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.