പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു; മോഹൻലാലിനെതിരെ സൈന്യത്തിന് പരാതി നല്‍കും: അജു അലക്സ്
സോഷ്യൽ മീഡിയയിലൂടെ താൻ പറഞ്ഞ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് മോഹൻലാലിനെ കുറിച്ച് പറഞ്ഞതില്‍ തെറ്റില്ലെന്നും യുട്യൂബര്‍ അജു അലക്സ് (ചെകുത്താൻ ചാനൽ ) പറഞ്ഞു.
വീഡിയോയിലൂടെ മോഹൻലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷമാണ് അജു അലക്സിന്‍റെ പ്രതികരണം. മോഹൻലാല്‍ വയനാട്ടിലെ ഉരുൾ പൊട്ടൽ ദുരന്തമേഖലയില്‍ പോയത് ശരിയായില്ലെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അജുപറഞ്ഞു.
നമ്മുടെ കേരളത്തില്‍ ഒരുപാട് പേര്‍ക്ക് മോഹൻലാല്‍ വയനാട്ടില്‍ പോയതിനെക്കുറിച്ച് ഇതേ അഭിപ്രായമുണ്ടെന്നും അജു അലക്സ് അവകാശപ്പെട്ടു. അതേസമയം, വിഷയത്തിൽ , താൻ ഉപയോഗിച്ച വാക്കുകള്‍ ശരിയായിരുന്നില്ല. ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. മോഹൻലാലിനെതിരെ സൈന്യത്തിന് തന്നെ പരാതി നല്‍കുമെന്നും അജു അറിയിച്ചു .
ദുരന്തമുഖത്ത് പരിശീലനം കിട്ടിയ ആളുകളുടെ സാന്നിധ്യമാണ് അപ്പോള്‍ അവിടെ വേണ്ടത്. ജീവൻ രക്ഷിക്കാനുള്ള മിലിട്ടറിയുടെ വിലപ്പെട്ട സമയമാണ് അത്രയും നേരം പോയത്. സൈന്യത്തിന്‍റെ വിലപ്പെട്ട സമയം മോഹൻലാല്‍ കളഞ്ഞു. പൊലീസ് പറഞ്ഞിട്ടാണ് വീഡിയോ നീക്കം ചെയ്തതെന്നും അജു അലക്സ് പറഞ്ഞു. ഒരു മിലിട്ടറി ഉദ്യോഗസ്ഥനാണ് വന്നിരുന്നതെങ്കില്‍ അത്രയധികം ആളുകള്‍ അവിടെ എത്തില്ലായിരുന്നു. ഇത് സെലിബ്രിറ്റി ആയതുകൊണ്ടാണ് ആളുകള്‍ കൂടുകയും സെല്‍ഫി എടുക്കുകയും ചെയ്തത്.
മാത്രമല്ല ഈ രീതിയിൽ എടുത്ത ചിത്രങ്ങള്‍ മോഹൻലാലിന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. അങ്ങനെ ഒന്നും ഒരിക്കലും ചെയ്യാൻ പാടില്ല. പൊലീസ് കേസെടുത്തതിന് പിന്നാലെ ഞാൻ ഒളിവിലാണെന്നൊക്കെ പ്രചരിപ്പിച്ചു. സ്റ്റേഷനില്‍ എത്താൻ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ പോയപ്പോഴാണ് തുടര്‍ നടപടിയുണ്ടായത്. അഴിക്കുള്ളിലായതുപോലെയുള്ള ചിത്രങ്ങളൊക്കെയാണ് പ്രചരിച്ചു. താൻ സ്റ്റേഷനിലെത്തിയശേഷം പിന്നീട് പലകാര്യങ്ങളും പ്രചരിച്ചുവെന്നും അജു അലക്സ് കൂട്ടിച്ചേർത്തു .