കേരളത്തിലെ കോൺഗ്രസ് ഇടതുവിരോധം കൊണ്ട് ബിജെപിക്കൊപ്പം ചേര്‍ന്നുള്ള യുഗ്മഗാനം തുടരുമോ: മന്ത്രി എംബി രാജേഷ്

single-img
25 March 2023

പ്രധാനമന്ത്രി മോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ്സ് നേതാവ് രാഹുൽഗാന്ധിയെ എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ സാഹചര്യത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായി മന്ത്രി എം ബി രാജേഷ് .സോണിയാ ഗാന്ധി കോണ്‍ഗ്രസ്സുകാരെ ഓര്‍മ്മിപ്പിച്ചത് ഒന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ. ‘ഇന്ന് രാഹുല്‍ നാളെ നിങ്ങളിലാരുമാകാം.’ സോണിയയുടെ വാക്കുകള്‍ എങ്കിലും നിങ്ങള്‍ ചെവിക്കൊള്ളുമോ? അതോ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയേക്കാള്‍ വലിയ ബിജെപി ഭക്തിയും ഇഡി സ്തുതിയും സിബിഐ സ്തുതിയും തുടരുമോ? എം ബി രാജേഷ് ഫെയ്സ്ബുക്കിൽ എഴുതി.

മന്ത്രിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം.

‘പോലീസ് പ്രകടനം തടഞ്ഞാല്‍ നിങ്ങള്‍ പിന്തിരിഞ്ഞോടുമോ’
ചോദ്യം സോണിയാഗാന്ധിയുടേതാണ്. സോണിയാ ഗാന്ധി ചോദിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത് മനോരമയാണ്. കോണ്‍ഗ്രസ്സിനെ കുറിച്ച് മനോരമ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. ഇന്നലെ രാഹുല്‍ ഗാന്ധിയ്ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് രാഷ്ട്രപതി ഭവനിലേയ്ക്കുള്ള പ്രകടനത്തിന്റെ മുന്നോടിയായി ചേര്‍ന്ന കോണ്‍ഗ്രസ്സ് എം. പി. മാരുടെ യോഗത്തിലായിരുന്നത്രേ സോണിയാഗാന്ധിയുടെ ഈ ചോദ്യം.

‘പിന്തിരിഞ്ഞോടരുതെന്ന് സോണിയ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ചില കോണ്‍ഗ്രസ്സ് എം പി മാര്‍ മുങ്ങി’ എന്നും മനോരമ പറയുന്നു. മാത്രമല്ല, ഇടതു എം. പി. മാര്‍ എല്ലാവരും അറസ്റ്റ് വരിച്ചപ്പോഴായിരുന്നു കോണ്‍ഗ്രസ്സ് എം. പി. മാരുടെ മുങ്ങല്‍ എന്നു കൂടി മനോരമ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

കോണ്‍ഗ്രസ്സിന്റെ തലമുതിര്‍ന്ന നേതാവ് സോണിയാഗാന്ധിയുടെ ഈ ചോദ്യം സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോടായിരുന്നില്ല. കോണ്‍ഗ്രസ്സ് എം. പി. മാരോടായിരുന്നു എന്നോര്‍ക്കണം. ആ ചോദ്യത്തില്‍ കോണ്‍ഗ്രസ്സിന്റെ ഏറ്റവും സമുന്നതയായ നേതാവിന് സ്വന്തം എം. പി. മാരിലുള്ള വിശ്വാസരാഹിത്യമാണ് കാണാനാവുക. അതില്‍ സോണിയാ ഗാന്ധിയെ ഒട്ടും കുറ്റപ്പെടുത്താനുമാവില്ല. കാരണം സോണിയയുടെ കര്‍ശന നിര്‍ദ്ദേശമുണ്ടായിട്ടും പലരും മുങ്ങിയെന്നാണല്ലോ പറയുന്നത്.

നിങ്ങള്‍ പിന്തിരിഞ്ഞോടുമോ എന്ന് കോണ്‍ഗ്രസ് എം. പി. മാരോടുള്ള സോണിയയുടെ ചോദ്യം പത്രത്തിൽ വായിച്ചപ്പോള്‍, എനിക്കോര്‍മ്മ വന്നത്, ഈ കഴിഞ്ഞ നിയമസഭസമ്മേളനത്തില്‍ ലൈഫ് മിഷന്‍ സംബന്ധിച്ച അടിയന്തിര പ്രമേയത്തിനു മറുപടി പറയവെ ഞാന്‍ കോണ്‍ഗ്രസ് എം. എല്‍. എ. മാരോട് ചോദിച്ച കാര്യമാണ്. നിങ്ങള്‍ റായ്പൂരില്‍ ചേര്‍ന്ന നിങ്ങളുടെ പ്ലീനറി സമ്മേളനം അംഗീകരിച്ച പ്രമേയത്തിലെങ്കിലും ഉറച്ചു നില്‍ക്കുമോ എന്ന് അവരോട് ചോദിച്ചത് അവര്‍ സി. ബി. ഐ. യ്ക്കും ഇ. ഡി. യ്ക്കും വേണ്ടി വാദിച്ചപ്പോഴാണ്. ഇന്ന് മറ്റൊരു വാര്‍ത്ത കൂടി മനോരമ ഉള്‍പ്പെടെ എല്ലാ മാധ്യമങ്ങളും പ്രധാന്യത്തോടെ കൊടുത്തിട്ടുണ്ട്.

ഇന്ത്യയിലെ കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള 14 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയെ കുറിച്ചാണ് ആ വാര്‍ത്ത. ആ ഹര്‍ജിയില്‍ പറയുന്ന വസ്തുത നിയമസഭയില്‍ അന്ന് ഞാന്‍ ചൂണ്ടിക്കാണിച്ചതായിരുന്നു. 2014 നു ശേഷം അതായത് ബി ജെ പി ഗവണ്‍മെന്റ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ശേഷം, സി. ബി. ഐയും ഇ.ഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 95% ത്തിലധികം പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയാണ്. ഇഡി രജിസ്റ്റര്‍ ചെയ്ത കേസുകളിൽ ശിക്ഷിച്ചത് വെറും 23 എണ്ണവും, ശിക്ഷാനിരക്ക് 0.5 ശതമാനവും മാത്രം. ഇക്കാര്യം അസംബ്ലിയില്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ പുച്ഛിക്കുകയും തള്ളിക്കളയുകയുമാണ് ചെയ്തത്.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള 14 പാര്‍ട്ടികള്‍ കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷത്തെ വേട്ടയാടുന്നതിനെതിരായി സുപ്രീം കോടതിയില്‍ പോകുമ്പോള്‍ തന്നെയാണ്, കേരളത്തിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതൃത്വവും സി. ബി. ഐ. യ്ക്കും ഇ. ഡി. യ്ക്കും വേണ്ടി ഇവിടെ ആര്‍പ്പു വിളിക്കുന്നത്. ഏറ്റവും ഒടുവില്‍ ബ്രഹ്മപുരത്തേക്കും സി.ബി.ഐ വരണം എന്നാണ് പ്രതിപക്ഷ നേതാവിന്റെ ക്ഷണം. പ്രകാശ് ജാവദേക്കര്‍ ദില്ലിയില്‍ പറഞ്ഞതിന്റെ പിന്നാലെയാണ് ശ്രീ. വി. ഡി. സതീശന്‍ കേരളത്തില്‍ സി. ബി. ഐ. അന്വേഷണം ആവശ്യപ്പെട്ടത്. ബി. ജെ. പി. വക്താവിന്റെ ഡല്‍ഹിയിലെ ആവശ്യം കേരളത്തില്‍ പ്രതിധ്വനിപ്പിക്കുന്ന ആളായി മാറാന്‍ പ്രതിപക്ഷ നേതാവിന് അല്പം പോലും മടിയുണ്ടായില്ല.

ഇപ്പോള്‍ പ്രതിപക്ഷ നേതാവ് അവകാശപ്പെടുന്നത് ബി. ജെ. പി. യ്ക്ക് മുമ്പേ സി. ബി. ഐ. വരണം എന്ന് താനാണ് ആവശ്യപ്പെട്ടത് എന്നതാണ്. രാജാവിനേക്കാള്‍ വലിയ രാജഭക്തി എന്നതുപോലെ ബി. ജെ. പി. യെക്കാള്‍ മുമ്പേ സി. ബി. ഐ. യില്‍ വിശ്വാസം പ്രകടിപ്പിച്ചത് താനാണ് എന്നും മറയില്ലാതെ പ്രതിപക്ഷ നേതാവ് അവകാശപ്പെടുന്നു. നേരത്തെ ലൈഫ് മിഷന്‍ വിവാദമുണ്ടായപ്പോളും സി. ബി. ഐ. യിലേക്ക് ഓടിയത് അന്നത്തെ കോൺഗ്രസ് എം. എല്‍. എ. ആയിരുന്നല്ലോ.

കേരളത്തിലെ കോണ്‍ഗ്രസിന്റെ ഇടതുവിരോധം മൂലമുള്ള കേവലമായ ഇരട്ടത്താപ്പും പാപ്പരത്തവും മാത്രമല്ല ഇത്. സി. ബി. ഐ. , ഇ. ഡി. ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളില്‍ കേരളത്തിലെ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ്സ് നേതൃത്വവും വിശ്വാസമര്‍പ്പിക്കുമ്പോള്‍ അത് നേരത്തെ പറ‍ഞ്ഞ സോണിയാ ഗാന്ധിയുടെ ചോദ്യം ഓര്‍മ്മിപ്പിക്കുന്നുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് സ്വന്തം ദേശീയ നേതൃത്വത്തേക്കാള്‍ വിശ്വാസം സി. ബി. ഐ. യെയും ഇ. ഡി. യെയും ആകുന്നത് എന്തുകൊണ്ടാണ്?

ഇന്നലെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയ്ക്കെതിരായ പ്രതിഷേധ പ്രസ്താവനയില്‍ പോലും കേരളത്തിലെ പ്രമുഖനേതാക്കള്‍ ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും സ്പര്‍ശിക്കാൻ മടിക്കുന്നത് കാണുകയുണ്ടായി. ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിന്റെ ഇന്നലത്തെ പ്രതികരണത്തിലൊരിടത്തും കേന്ദ്ര ഗവണ്‍മെന്റിനോ സംഘപരിവാറിനോ എതിരായി ഒരു പരാമര്‍ശം പോലുമില്ലാത്തത് അദ്ഭുതപ്പെടുത്തി.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ ഞങ്ങള്‍ എന്തു പിഴച്ചു അത് കോടതിവിധിയുടെ ഭാഗമല്ലേ എന്ന ബി. ജെ. പി. ന്യായീകരണത്തെ ശരിവയ്ക്കുന്ന തരത്തിലായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം. ‘നിശബ്ദരാക്കാനാകില്ല നിയമത്തിന്റെ വഴിയില്‍ തിരിച്ചു വരും’ എന്നൊക്കെയുള്ള ചില പരാമര്‍ശങ്ങളല്ലാതെ, ആസൂത്രിതമായി കേന്ദ്രസര്‍ക്കാരും സംഘപരിവാറും ഭരണകൂട അധികാരം ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിയ്ക്കുന്നതിന്റെ ഭാഗമാണിത് എന്ന് കാണാന്‍ ബഹുമാന്യനായ പ്രതിപക്ഷനേതാവിന് കഴിയാത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയമായിട്ടുള്ള പാപ്പരത്തം മൂലമാണ്.

രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ പ്രശ്നം കേവലം നിയമ പ്രശ്നമാണോ. അത് നിയമവഴിയില്‍ മാത്രം പരിഹരിക്കാവുന്നതുമാണോ. അതിലടങ്ങിയ രാഷ്ട്രീയം പ്രതിപക്ഷ നേതാവിന് വിഷയമാകാത്തത് എന്തുകൊണ്ടാണ്? അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ സംഘപരിവാറിനെതിരായ നിശിത രാഷ്ട്രീയ വിമര്‍ശനവും കാണാനാവും. ഇത് സിപിഐഎമ്മും കോൺഗ്രസും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസമാണ്.

വീണ്ടും സോണിയാഗാന്ധിയുടെ ‘മോദിയുടെ പോലീസിനെ കണ്ടാല്‍ പിന്തിരിഞ്ഞോടുമോ’ എന്ന ചോദ്യത്തിലേക്കു വരാം. പണ്ട് രാഹുല്‍ ഗാന്ധി എ. ഐ. സി. സി. പ്രസിഡന്റ് പദം ഒഴിഞ്ഞപ്പോള്‍ നല്‍കിയ രാജിക്കത്തിന്റെ പരാമര്‍ശം കൂടി ഇന്നലത്തെ സോണിയാഗാന്ധിയുടെ ചോദ്യവുമായി ചേര്‍ത്തു വായിക്കേണ്ടതാണ്. ആ രാജിക്കത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു, ആര്‍. എസ്. എസിനെതിരായ പ്രത്യയശാസ്ത്ര പോരാട്ടത്തില്‍ ഞാനൊറ്റയ്ക്കായിപ്പോയി, പാര്‍ട്ടിയില്‍ നിന്ന് എനിയ്ക്ക് പിന്തുണ കിട്ടിയില്ല എന്ന്. അതാണ് കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും ഗാഢമായ പ്രശ്നം .

സംഘപരിവാരിനും അവര്‍ നേതൃത്വം കൊടുക്കുന്ന കേന്ദ്രസര്‍ക്കാരിനുമെതിരെയുള്ള പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ പോരാട്ടത്തിന് തങ്ങള്‍ക്ക് കെല്പില്ല എന്ന ദൗര്‍ബല്യം കോണ്‍ഗ്രസ് ആവര്‍ത്തിച്ചു വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്കു നേരെ സംഘപരിവാരില്‍ നിന്നുണ്ടാകുന്ന ആക്രമണത്തെപ്പോലും ഉറച്ചു നിന്ന് നേരിടാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. തങ്ങളല്ലാതെ മറ്റാരും സംഘപരിവാ റിനാലും കേന്ദ്രഭരണകൂടത്താലും ആക്രമിക്കപ്പെട്ടാലും കോണ്‍ഗ്രസിന് അത് വിഷയമല്ല എന്നു മാത്രമല്ല കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മനീഷ് സിസോദിയയെ സി. ബി. ഐ. അറസ്റ്റ് ചെയ്തപ്പോള്‍ അതിനെ പിന്തുണച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് എന്നോര്‍ക്കണം.

ഇന്നലെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയപ്പോള്‍ അതിനെ എതിര്‍ക്കുകയാണ് അരവിന്ദ് കേജരിവാള്‍ ചെയ്തത് എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ ഇടുങ്ങിയ മനോഭാവമല്ല കേജരിവാള്‍ പ്രകടിപ്പിച്ചത് എന്നര്‍ത്ഥം. കേരളത്തില്‍ ഇടതുപക്ഷത്തെ ആക്രമിക്കാന്‍ സി ബി ഐ യെയും ഇഡിയെയും കൂട്ടുപിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടല്ല ചിദംബരത്തെ അറസ്റ്റു ചെയ്തപ്പോള്‍ മുതല്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയപ്പോള്‍ വരെ ഇടതുപക്ഷം സ്വീകരിച്ചത് എന്നതും ഓര്‍ക്കണം. ഈ വ്യത്യാസം രാഷ്ട്രീയമായ വ്യത്യാസമാണ്.

സംഘപരിവാര്‍, ഭരണകൂടത്തെ ഉപയോഗിക്കുന്നത് എല്ലാ പ്രതിപക്ഷ ശബ്ദങ്ങളെയും ഇല്ലാതാക്കാനാണ് എന്ന രാഷ്ട്രീയ തിരിച്ചറിവാണ് ഇതിനെയെല്ലാം ശക്തമായി എതിര്‍ക്കാന്‍ ഇടതുപക്ഷത്തെ പ്രേരിപ്പിക്കുന്നത്. അതിൽ കോൺഗ്രസ് നേതാക്കളാണെങ്കിൽ അനുഭവിക്കട്ടെ എന്ന വിലകുറഞ്ഞ ഇടുങ്ങിയ മനോഭാവമല്ല, വിശാലമായ രാജ്യതാത്പര്യവും രാഷ്ട്രീയനിലപാടുമാണ് ഇടതുപക്ഷത്തിന്റേത്. എന്നാല്‍ കോൺഗ്രസോ? തങ്ങള്‍ക്കെതിരെ അല്ലാതെ മറ്റേത് പ്രതിപക്ഷ കക്ഷിയ്ക്കെതിരായ ആക്രമണങ്ങളെയും മൗനം കൊണ്ടോ പലപ്പോഴും പ്രത്യക്ഷ പിന്തുണ കൊണ്ടോ അംഗീകരിക്കുന്ന കോണ്‍ഗ്രസ്സിനില്ലാത്തതും ആ രാഷ്ട്രീയ തിരിച്ചറിവാണ്.

സോണിയാ ഗാന്ധി കോണ്‍ഗ്രസ്സുകാരെ ഓര്‍മ്മിപ്പിച്ചത് ഒന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ. ‘ഇന്ന് രാഹുല്‍ നാളെ നിങ്ങളിലാരുമാകാം.’ സോണിയയുടെ വാക്കുകള്‍ എങ്കിലും നിങ്ങള്‍ ചെവിക്കൊള്ളുമോ? അതോ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയേക്കാള്‍ വലിയ ബിജെപി ഭക്തിയും ഇഡി സ്തുതിയും സിബിഐ സ്തുതിയും തുടരുമോ? കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍ ഇഡി സിബിഐ സ്തുതിഗീതങ്ങളും രാജാവിനേക്കാള്‍ വലിയ രാജഭക്തിയും തുടരുമോ?

കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് പുനര്‍വിചിന്തിനത്തിനുള്ള അവസരം കൂടിയാണ് രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം നൽകുന്നത്. അവര്‍ തിരുത്തുമോ അതോ അന്ധമായ ഇടതുവിരോധം കൊണ്ട് ബിജെപിക്കൊപ്പം ചേര്‍ന്നുള്ള യുഗ്മഗാനം തുടരുമോ. മതനിരപേക്ഷവാദികളായ കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇടതുപക്ഷവും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ സഹായിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.