ദീർഘദൂര ബസ് സർവീസിൽ ശുചിമുറി ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കും: മന്ത്രി ഗണേഷ്‌കുമാർ


സംസ്ഥാനത്തുനിന്നുള്ള ദീർഘദൂര ബസ് സർവീസിൽ ശുചിമുറി ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ.ദീർഘദൂര സർവീസിനായി സ്കാനിയ പോലെയുള്ള ആഡംബര ബസുകൾ വാങ്ങുമ്പോൾ അതിൽ ശുചിമുറി ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നാണ് മന്ത്രി പറയുന്നത് . വൃത്തിയുള്ള ശുചിമുറിയോടു കൂടിയ ഹോട്ടലുകളിലേ ഭക്ഷണത്തിനായി ബസുകൾ നിർത്താൻ പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു.
നിലവിൽ നഷ്ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ നിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സർവീസ് ലാഭത്തിലാക്കാൻ സമയക്രമത്തിലും റൂട്ടിലും മാറ്റം വരുത്തും. നഷ്ടമാണെങ്കിൽ നിർത്തും. എല്ലായിടത്തും സർവീസ് എത്തിക്കാൻ സ്വകാര്യബസുകൾക്ക് അവസരമൊരുക്കും.ഡ്രൈവിങ് ടെസ്റ്റുകൾ കർശനമാക്കും. ഇതിനു കൊണ്ടുവരുന്ന വാഹനങ്ങളിൽ ക്യാമറ ഉറപ്പാക്കും. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.