ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി സംസ്ഥാനത്തെ മാറ്റും: മുഖ്യമന്ത്രി
കൊച്ചിയില്‍ കേരളത്തിന്റെ ഡിസൈന്‍ വീക്കിന് തുടക്കമായി.കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന കൊച്ചി ഡിസൈന്‍ വീക്കിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി സംസ്ഥാനത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തില്‍ ഡിസൈന്‍ നയം രൂപീകരിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി ഡിസൈന്‍ വീക്ക് ബോള്‍ഗാട്ടിയിലാണ് നടക്കുന്നത്. ഇന്ത്യയുടെ ഭാവി ക്രിയേറ്റീവ് ഇക്കോണമിയിലാണന്നും ഇതിനായി സമഗ്രമായ ഡിസൈന്‍ നയം ആവശ്യമാണന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു .കൊച്ചി ഡിസൈന്‍ വീക്കില്‍ പങ്കെടുക്കുന്ന ദേശീയ-അന്തര്‍ദേശീയ വിദഗ്ധരെ നയരൂപീകരണത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഡിസൈന്‍ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് ഉടന്‍ തന്നെ സര്‍ക്കാര്‍ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.