2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്കൊപ്പം നിൽക്കും: എച്ച്ഡി ദേവഗൗഡ

single-img
15 April 2023

2024 ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കുമെന്ന് ജെഡിഎസ് അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ പ്രതികരണത്തിലാണ് ദേവഗൗഡ ഇക്കാര്യം പറഞ്ഞത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാഗേപ്പള്ളിയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് സിപിഎമ്മിനെ പിന്തുണക്കാനും ജെഡിഎസ് തീരുമാനിച്ചിട്ടുണ്ട്. ബിജെപിക്കെതിരായ രാജ്യത്ത് പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതോടൊപ്പം തന്നെ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയും ജെഡിഎസ് പുറത്തുവിട്ടു. 49 പേരുടെ പട്ടികയാണ് ഇന്നലെ പുറത്തുവിട്ടത്. ദേവഗൗഡയുടെ മൂത്തമകനും ഹൊളെ നരസിപുര്‍ എംഎല്‍എയുമായ എച്ച്ഡി രേവണ്ണയുടെ ഭാര്യയായ ഭവാനി പട്ടികയില്‍ ഇടം നേടിയിട്ടില്ല. ഹാസന്‍ സീറ്റായിരുന്നു ഭവാനി ആവശ്യപ്പെട്ടിരുന്നത്. മുന്‍ മന്ത്രി എച്ച്.എസ് പ്രകാശിന്റെ മകന്‍ എച്ച്.പി. സ്വരൂപിനാണ് ഹാസന്‍ സീറ്റ് നല്‍കിയത്. ഗൗഡ കുടുംബത്തിന് പുറത്തുള്ള വ്യക്തിക്ക് ഹാസന്‍ സീറ്റ് നല്‍കുമെന്ന് എച്ച്.ഡി. കുമാരസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു.