77 പന്തുകളിൽ പുറത്താവാതെ 205 റൺസ്; അവിശ്വസനീയ പ്രകടനവുമായി വിൻഡീസ് താരം റഖീം കോൺവാൾ

single-img
6 October 2022

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം റഖീം കോൺവാൾ അമേരിക്കയിലെ അറ്റ്ലാൻ്റ ഓപ്പൺ 2022 ടി-20 ടൂർണമെൻ്റിൽ അറ്റ്ലാൻ്റ ഫയറിനു വേണ്ടി നടത്തിയത് അവിശ്വസനീയമായ ബാറ്റിങ് പ്രകടനം. വെറും 77 പന്തുകളിൽ 205 റൺസ് നേടി പുറത്താവാതെ നിന്ന ഈ ഇന്നിംഗ്സ് ചരിത്രത്തിൽ ഇടംനേടി. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ഇതുവരെ വിൻഡീസിനായി ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് താരം കളിച്ചിട്ടുള്ളത്.

അറ്റ്ലാൻ്റ ഓപ്പൺ 2022 ടി-20 ടൂർണമെൻ്റിൽ സ്ക്വയർ ഡ്രൈവ് ടീമിനെതിരെയായിരുന്നു കോൺവാളിൻ്റെ പ്രകടനം. കോൺവാളിൻ്റെ പ്രകടന മികവിൽ അറ്റ്ലാൻ്റ ഫയർ 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് നേടി. മത്സരം 172 റൺസിനു വിജയിക്കുകയും ചെയ്തു.

ടോസ് ലഭിച്ചതിനെ തുടർന്ന് ബാറ്റിംഗിനിറങ്ങിയ അറ്റ്ലാൻ്റയ്ക്കായി കോൺവാളും സ്റ്റീവൻ ടെയ്ലറും ചേർന്നാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ഓപ്പണിംഗിൽ തന്നെ ഇരുവരും ചേർന്ന് 101 റൺസ് കൂട്ടിച്ചേർത്തു. 18 പന്തുകളിൽ 53 റൺസെടുത്ത ടെയ്ലർ ഏഴാം ഓവറിൽ പുറത്തായി. 17 ബൗണ്ടറിയും 22 സിക്സറും സഹിതമായിരുന്നു കോൺവാളിൻ്റെ ഇന്നിംഗ്സ്.

29 പന്തിൽ 53 റൺസെടുത്ത അസ്ലവുമൊത്ത് പിരിയാതെ 225 റൺസിനാണ് കോൺവാൾ പങ്കാളി ആയത്. മറുപടി ബാറ്റിംഗിൽ സ്ക്വയർ ഡ്രൈവിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ.